ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധവുമായി ജാമിയ മിലിയ ഇസ്ലാമിയയിലെ വിദ്യാർഥി സംഘടനകൾ രംഗത്ത്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥി പ്രതിഷേധം.
മുസ്ലീം സ്റ്റുഡൻ്റ്സ് ഫെഡറേഷൻ്റെ (എംഎസ്എഫ്) നേതൃത്വത്തിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ മോദി സർക്കാരിനും, ഡൽഹി പൊലീസിനുമെതിരെ മുദ്രാവാക്യം വിളിച്ചു. നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്‌തു (Jamia Millia Islamia students protest against CAA, demand withdrawal).
പൗരത്വ ഭേദഗതി നിയമം റദ്ദാക്കാനും, നാല് വർഷം മുമ്പ് സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ കേസെടുത്ത് അറസ്റ്റ് ചെയ്‌ത എല്ലാ വിദ്യാർഥികളെയും വിട്ടയക്കാനും ക്യാമ്പസില്‍ പ്രതിഷേധിക്കുന്ന വിദ്യാർഥി സംഘടന ആവശ്യപ്പെട്ടു. സർവ്വകലാശാലയുടെ ഗേറ്റിന് സമീപം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടത്.
ഡൽഹി പൊലീസ് വാപസ് ജാവോ, ഇങ്ക്വലാബ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധത്തിൽ ഉയർന്നത്. 2019 ലെ സിഎഎ വിരുദ്ധ പ്രതിഷേധത്തിന്‍റെ ഭാഗമായ വിദ്യാർഥി പ്രവർത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകളുമായി നൂറുകണക്കിന് വിദ്യാർത്ഥികൾ ക്യാമ്പസിൽ തടിച്ചുകൂടി.
കാമ്പസിന് പുറത്ത് കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് തടയാൻ ജാമിയ മിലിയ ഇസ്ലാമിയ കാമ്പസിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട് (Jamia Millia Islamia students protest against CAA, demand withdrawal).
കാമ്പസിൽ ഏതെങ്കിലും തരത്തിലുള്ള പ്രക്ഷോഭങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും വിദ്യാർഥികളോ പുറത്തുനിന്നുള്ളവരോ കാമ്പസിനു സമീപം ഒരു പ്രതിഷേധവും അനുവദിക്കില്ലെന്നും ജാമിയ ആക്‌ടിംഗ് വൈസ് ചാൻസലർ ഇക്ബാൽ ഹുസൈൻ പറഞ്ഞു.