ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയിലില്‍ കഴിയുന്ന അമൃത്പാല്‍ സിങ്ങും ഷെയ്ഖ് അബ്‌ദുള്‍ റാഷിദും 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പട്ടിരിക്കുന്നു. ഇവരെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കാന്‍ അനുവദിക്കമോ? തങ്ങളുടെ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് പാര്‍ലമെന്‍റില്‍ പ്രവേശിക്കാനോ സാധിക്കുമോ എന്നിവയാണ് ഇപ്പോള്‍ ഉയരുന്ന വലിയ ചോദ്യങ്ങള്‍.
തീവ്ര സിഖ് പ്രചാരകനായ അമൃത്പാല്‍ സിങ്ങ് പഞ്ചാബിലെ ഖഡൂര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കിയെന്നാരോപിച്ച് ശിക്ഷ അനുഭവിക്കുന്ന ഷെയ്‌ഖ് അബ്‌ദുള്‍ റാഷിദ് എന്ന എന്‍ജിനീയര്‍ റാഷിദ് ജമ്മു കശ്‌മീരിലെ ബാരാമുള്ളയില്‍ നിന്നാണ് വിജയിച്ചത്. തങ്ങള്‍ക്കെതിരെ പൊരുതിയ വമ്പന്‍മാരെ നിലംപരിശാക്കിയാണ് ഇവരുടെ മിന്നും വിജയം എന്നതും ശ്രദ്ധേയമാണ്.
2019 ഓഗസ്‌റ്റ് ഒന്‍പത് മുതല്‍ ഇയാള്‍ ഇയാള്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കിയ കുറ്റത്തിനാണ് ഇയാള്‍ ജയിലില്‍ കഴിയുന്നത്. അമൃത്പാല്‍ സിങ്ങ് 2023 ഏപ്രിലിലാണ് അറസ്‌റ്റിലായത്. ദേശീയ സുരക്ഷ നിയമപ്രകാരമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ അസമിലെ ദിബ്രുഗഡ് ജയിലിലിലാണ്.
ഇത്തരം സംഭവങ്ങളില്‍ ഭരണഘടന ചട്ടങ്ങള്‍ പാലിക്കണമെന്നാണ് മുന്‍ ലോക്‌സഭ സെക്രട്ടറിയും ഭരണഘടന വിദഗ്‌ധനുമായ പിഡിടി ആചാരി പറയുന്നതത്. എംപിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കുക എന്നത് ഒരു ഭരണഘടനാ അവകാശമാണ്. എന്നാല്‍ ഇപ്പോള്‍ ഇരുവരും ജയിലില്‍ കഴിയുന്നതിനാല്‍ ഇവര്‍ക്ക് അധികാരികളുടെ പ്രത്യേക അനുമതിയോടെ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് എത്താനാകൂ. ഇതിന് പുറമെ ഇവര്‍ക്ക് ജയിലധികൃതരുടെ സാന്നിധ്യത്തില്‍ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് എത്താനും സാധിക്കൂ.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇവര്‍ ജയിലിലേക്ക് തിരികെ പോകണം. എംപിമാരായി സത്യപ്രതിജ്ഞ ചെയ്‌ത് കഴിഞ്ഞാല്‍ തങ്ങള്‍ ജയിലിലാണെന്നും സമ്മേളനങ്ങളില്‍ പങ്കെടുക്കാനാകില്ലെന്നുമുള്ള കാര്യം സഭ അധ്യക്ഷനെയോ ഉപാധ്യക്ഷയെയോ അറിയിക്കണമെന്നാണ് ഭരണഘടനയുടെ 101(4) അനുച്‌ഛേദം അനുസരിച്ച് ചെയ്യേണ്ടതെന്നും ആചാരി ചൂണ്ടിക്കാട്ടി. ഇക്കാര്യം സഭ അധ്യക്ഷന്‍ സഭയുടെ അബ്സെന്‍സ് സമിതിയ്ക്ക് മുന്നില്‍ അവതരിപ്പിക്കും.
ഈ സമതിയാകും ഇവര്‍ സമ്മേളനത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യം അന്തിമമായി തീരുമാനിക്കുക. ഈ ശുപാര്‍ശകള്‍ പിന്നീട് സ്‌പീക്കര്‍ വോട്ടിന് വയ്ക്കും. സിങ്ങോ റാഷിദോ രണ്ട് വര്‍ഷം ജയിലില്‍ കിടക്കുകയോ കുറ്റക്കാരാണെന്ന് കണ്ടെത്തുകയോ ചെയ്‌താല്‍ ഇത്തരം സംഭവങ്ങളില്‍ എംപിമാരും എംഎല്‍എമാരും അയോഗ്യരാക്കപ്പെടുന്ന 2013 ലെ സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇവരുടെ സഭാംഗത്വം റദ്ദാക്കപ്പെടും. എംപിമാരും എംഎല്‍എമാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ മൂന്ന് മാസം അനുവദിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370, 35 എ അനുച്‌ഛേദങ്ങള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ പ്രക്ഷോഭം നയിച്ചതിനാണ് എന്‍ജിനീയര്‍ റാഷിദിനെ തടവിലാക്കിയത്. അജ്‌നയിലെ ഒരു പൊലീസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ചു കടന്നു എന്ന കുറ്റത്തിനാണ് അമൃത്പാല്‍ സിങ്ങിനെ കഴിഞ്ഞ കൊല്ലം ഏപ്രില്‍ 23 ന് അറസ്‌റ്റ് ചെയ്‌തത്. പിന്നീട് ഇയാളെ എന്‍എസ്‌എ അനുസരിച്ച് അസമിലെ ദിബ്രുഗഡ് ജയിലിലടച്ചു. ഇയാളുടെ ഒന്‍പത് സഹായികളും ഒപ്പമുണ്ട്.
Also Read: ജൂൺ എട്ടിനല്ല, മോദിയുടെ സത്യപ്രതിജ്ഞ തീയതിയിൽ മാറ്റമെന്ന് റിപ്പോർട്ട്