ന്യൂഡൽഹി: ഇന്ത്യന്‍ ബഹിരാകാശ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ പ്രശംസിച്ച് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ബഹിരാകാശ മേഖലയുടെ പുരോഗതിക്കായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സമീപകാലത്ത് നടപ്പിലാക്കിയ നയ പരിഷ്‌കാരങ്ങള്‍, സംരംഭങ്ങള്‍ എന്നിവയെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഇന്ന് (ഓഗസ്റ്റ് 23) ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്ന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ നിരവധി സുപ്രധാന നയ ഇടപെടലുകളിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വം നിർണായകമാണ്. പ്രധാനമന്ത്രി എന്ന നിലയിൽ സർക്കാർ സംവിധാനത്തിലൂടെ നയങ്ങൾ സൃഷ്‌ടിക്കുക മാത്രമല്ല, നടപ്പാക്കുകയും ചെയ്‌തുവെന്ന് മൂന്ന് പ്രധാന സംരംഭങ്ങൾ ചൂണ്ടിക്കാട്ടി ഐഎസ്ആർഒ മേധാവി പറഞ്ഞു.
ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾക്ക് ശേഷം ഞങ്ങൾ ഒരു ബഹിരാകാശ നയത്തിൽ പ്രവർത്തിക്കുകയായിരുന്നു. ബഹിരാകാശ പ്രവർത്തനങ്ങളിൽ കൂടുതൽ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിന് വഴിയൊരുക്കുന്ന ബഹിരാകാശ വകുപ്പിന്‍റെയും ഐഎസ്ആർഒയുടെയും ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്‍റെയും (എൻഎസ്ഐഎൽ) റോളുകളും ഉത്തരവാദിത്തങ്ങളും നയം വ്യക്തമായി നിർവചിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപ നയവും പ്രഖ്യാപിച്ചു. ബഹിരാകാശ മേഖലയില്‍ സ്വകാര്യ നിക്ഷേപങ്ങളോ വിദേശ നിക്ഷേപങ്ങളോ നേരത്തെ സാധ്യമായിരുന്നില്ല. എന്നാല്‍ ചില നിയന്ത്രണങ്ങളോടെ ഇപ്പോള്‍ ഇത് അനുവദനീയമാണ്, മൂന്നാമത്തേത് ശാസ്‌ത്ര സാങ്കേതിക വകുപ്പിന്‍റെ ഭൗമബഹിരാകാശ നയമാണ്. ഇതിലൂടെ എല്ലാവർക്കും സൗജന്യമായി ഉപഗ്രഹ ഡേറ്റ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ-3 യാത്രയിൽ പ്രധാനമന്ത്രിയുടെ തത്സമയ പങ്കാളിത്തം സോമനാഥ് അനുസ്‌മരിച്ചു. നമ്മുടെ പ്രധാനമന്ത്രി തത്സമയ സംപ്രേക്ഷണം വീക്ഷിക്കുന്നത് ഞാൻ ഓർക്കുന്നു. ബ്രിക്‌സ് ഉച്ചകോടിയിൽ നിന്നും അദ്ദേഹം തങ്ങള്‍ക്കൊപ്പം ചേര്‍ന്നു. ചന്ദ്രയാൻ-3ന്‍റെ വിജയകരമായ ലാൻഡിങ്ങിനെ തുടർന്ന് മോദി ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി പ്രഖ്യാപിക്കുകയും ലാൻഡിങ് സൈറ്റിന് പേര് നൽകുകയും ചെയ്‌തു.
'ശിവശക്തി പോയിന്‍റ്' ചന്ദ്രയാൻ-2 ലാൻഡിങ് സൈറ്റിനെ 'തിരംഗ പോയിന്‍റ്' ആയി നിശ്ചയിച്ചു. 'ഗഗൻയാൻ ദൗത്യത്തിലും മറ്റ് ബഹിരാകാശ പദ്ധതികളിലും അദ്ദേഹം അതീവ താത്‌പര്യം പ്രകടിപ്പിച്ച വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള മോദിയുടെ സന്ദർശനവും സോമനാഥ് വിവരിച്ചു.
2047ലെ ബഹിരാകാശ ലക്ഷ്യങ്ങള്‍ക്കുള്ള ഒരു ദീർഘകാല പരിപാടി തയ്യാറാക്കുന്നതിനായി ഗഗൻയാൻ പദ്ധതിയും ബഹിരാകാശ നിലയത്തിനുള്ള പദ്ധതികളും ഉൾപ്പെടെയുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിച്ചതിലും പ്രധാനമന്ത്രിയെ ആഹ്ളാദഭരിതനാക്കിയെന്നും സോമനാഥ് പറഞ്ഞു.
ചന്ദ്രയാൻ-3 വിക്ഷേപണ വിജയത്തിന് ശേഷം പ്രധാനമന്ത്രി ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള സന്ദർശനവും യുആർ റാവു സാറ്റലൈറ്റ് സെന്‍റർ (യുആർഎസ്‌സി) മേധാവി എം ശങ്കരന്‍ വിവരിച്ചു. സംസാരിക്കുമ്പോൾ അദ്ദേഹം അൽപ്പം വികാരഭരിതനായി. അവിടെ ഉണ്ടായിരുന്നതിന് ഞങ്ങൾക്കെല്ലാവർക്കും നന്ദി പറയുകയും എല്ലാവരുടെയും പ്രയത്നത്തെ അഭിനന്ദിക്കുകയും ചെയ്‌തു.
ബഹിരാകാശ പ്രവർത്തനങ്ങളിൽ മറ്റ് സർക്കാർ ഏജൻസികളെ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞു. അത് ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങൾക്കും ഒടുവിൽ കാരണമായെന്ന് ശങ്കരന്‍ പറഞ്ഞു. 2023ൽ ഈ ദിവസം തന്നെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിന്‍റെ സുരക്ഷിതവും മൃദുവുമായ ലാൻഡിങ് പൂർത്തിയാക്കി, ചന്ദ്രനിൽ ഇറങ്ങിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.