റാഫ : ഇസ്രയേൽ വ്യോമാക്രമണത്തിൽ തെക്കൻ ഗാസയില്‍ 12 ലധികം കുട്ടികള്‍ ഉള്‍പ്പടെ 44 പലസ്‌തീനികൾ കൊല്ലപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ സൈന്യത്തോട് ആവശ്യപ്പെട്ടതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം.
മാസങ്ങൾക്കുള്ളിൽ ഗാസയിൽ പൂർണ വിജയം നേടുമെന്ന് അവകാശപ്പെട്ട നെതന്യാഹു തെക്കൻ ഗാസയിലെ റാഫയിലേക്ക് കടക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയിരുന്നു. ഹമാസുമായുള്ള ചർച്ചകൾ എവിടെയും എത്തില്ലെന്നും നിബന്ധനകൾ വിചിത്രമാണെന്നും സമ്പൂർണവും അന്തിമവുമായ വിജയമല്ലാതെ മറ്റൊരു പരിഹാരവുമില്ലെന്നും നെതന്യാഹു പറഞ്ഞു.
ഒക്‌ടോബർ 7ലെ ഹമാസ് ആക്രമണത്തെ തുടർന്ന് നാല് മാസത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷം ഗാസയിൽ ഹമാസ് തീവ്രവാദി ഗ്രൂപ്പിന് അവശേഷിക്കുന്ന അവസാന ശക്തികേന്ദ്രമാണ് ഈജിപ്‌തിന്‍റെ അതിർത്തിയായ റാഫയെന്ന് ഇസ്രായേൽ പറയുന്നു. ഗാസയിലെ 2.3 ദശലക്ഷത്തിലധികം ജനങ്ങളിൽ പകുതിയിലേറെയും റാഫയിലാണ്.
ഗാസയിലെ മരണസംഖ്യ ഇതിനകം 28,000 കവിഞ്ഞിട്ടുണ്ട്. ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 117 പേരുടെ മൃതദേഹങ്ങൾ 24 മണിക്കൂറിനുള്ളിൽ ആശുപത്രികളിലെത്തിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആകെ മരണസംഖ്യ 28,064 ആയി ഉയർന്നു.മരിച്ചവരില്‍ കൂടുതലും സ്‌ത്രീകളും കുട്ടികളുമാണ്. 67,000 പേർക്ക് പരിക്കേറ്റതായും പലസ്‌തീന്‍ ഭരണകൂടം അറിയിച്ചു.