ന്യൂഡല്‍ഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങ് നിയമത്തില്‍ മാറ്റം വരുത്തി ഇന്ത്യൻ റെയില്‍വേ. ട്രെയിൻ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്ന ദിവസത്തിന് 60 ദിവസം മുന്‍പ് മാത്രമായിരിക്കും ഇനി മുതല്‍ യാത്രക്കാര്‍ക്ക് മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. നേരത്തെ, 120 ദിവസത്തിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. പുതുക്കിയ നിയമം നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഈ മാസം 31 വരെയുള്ള ബുക്കിങ്ങുകള്‍ക്ക് പുതിയ നിയമം ബാധകമല്ല. പകല്‍ സമയങ്ങളില്‍ ഓടുന്ന താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളെയും നിയമം ബാധിക്കില്ല. കൂടാതെ, ടൂറിസ്റ്റുകള്‍ക്കായുള്ള ബുക്കിങ് കാലാവധി 365 ദിവസമായി തന്നെ തുടരുമെന്നും റെയില്‍വേ അറിയിച്ചു.
മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്‍റെ കാലയളവ് 2015 ഏപ്രില്‍ ഒന്ന് വരെയും നേരത്തെ 60 ദിവസമായിരുന്നു. ഇതാണ് പിന്നീട് നീട്ടി 120 ദിവസമാക്കിയത്. അധിക വരുമാനം ലക്ഷ്യമിട്ടാണ് റിസര്‍വേഷനുള്ള സമയപരിധി റെയില്‍വേ നീട്ടിയത് എന്ന തരത്തില്‍ അന്ന് വാദങ്ങളും ഉയര്‍ന്നിരുന്നു.
അതേസമയം, ടിക്കറ്റ് ബുക്കിങ്ങില്‍ നിരവധി മാറ്റങ്ങളാണ് ഐആര്‍സിടിസി അടുത്തിടെയായി കൊണ്ടുവന്നിട്ടുള്ളത്. അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ വെയിറ്റിങ് ലിസ്റ്റ് പ്രശ്‌നം പരിഹരിച്ച് ഓരോ യാത്രക്കാരനും ബെര്‍ത്ത് ഉറപ്പാക്കാനുള്ള മാറ്റങ്ങളും ഇതില്‍പ്പെടുന്നു. കൂടാതെ, ടിക്കറ്റ് ബുക്കിങ് മുതല്‍ യാത്ര ആസൂത്രണം വരെയുള്ള നിരവധി സേവനങ്ങള്‍ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന തരത്തില്‍ ഒരു ആപ്പ് പുറത്തിറക്കാനും റെയില്‍വേ പദ്ധതിയിട്ടിട്ടുണ്ട്.
ഭക്ഷണത്തിന്‍റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിന് പുറമെ യാത്രക്കാര്‍ക്ക് ട്രെയിനുകളില്‍ സീറ്റ് ലഭിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ എഐ കാമറ ഉപയോഗിച്ച് നടപക്കാനും ആലോചനയുണ്ട്. റിസര്‍വേഷൻ ചാര്‍ട്ട് തയ്യാറാക്കി ഡാറ്റ വിശകലനം ചെയ്‌ത് സീറ്റ് ലഭ്യത പ്രവചിച്ചാണ് ഇക്കാര്യം ചെയ്യാനുദ്ദേശിക്കുന്നത്. ട്രെയിനുകളിലെ സീറ്റ് ലഭ്യത പരിശോധിക്കാനായി എഐ മോഡല്‍ റെയില്‍വേ പരീക്ഷിച്ചിരുന്നു. ഇതിലൂടെ കണ്‍ഫോമായ ടിക്കറ്റുകളുടെ നിരക്ക് 30 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു.
ജനറല്‍, പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ 'യുടിഎസ്'
- പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും യുടിഎസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍ ഇന്ത്യൻ റെയില്‍വേയുടെ യുടിഎസ് മൊബൈല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
- ആപ്പ്/സെറ്റില്‍ സൈൻ അപ്പ് ചെയ്‌ത് നിങ്ങളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യുക. യുപിഐ, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി നിങ്ങളുടെ R-വാലറ്റ് റീചാർജ് ചെയ്യാൻ മറക്കരുത്. യുടിഎസ് ആപ്പിൻ്റെ ഉപയോക്താക്കൾക്ക് R-വാലറ്റ് ചാർജിൽ 3% ബോണസ് സ്വയമേവ ലഭിക്കും.
- ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്നതിന്, ആദ്യം പേപ്പർലെസ് അല്ലെങ്കിൽ പേപ്പർ ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കണം.
- തുടർന്ന് പുറപ്പെടുന്ന സ്റ്റേഷൻ, എത്തിച്ചേരുന്ന സ്റ്റേഷൻ എന്നിവ നല്‍കുക.
- അടുത്തതായി "നിരക്ക്" (Get fare) ഓപ്ഷൻ കണ്ടെത്തും. അതിൽ ക്ലിക്ക് ചെയ്‌ത് നിങ്ങളുടെ R-വാലറ്റ് തുകയിൽ നിന്ന് തുക അടയ്‌ക്കുക (യുപിഐ, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പോലുള്ള മറ്റ് പേയ്‌മെൻ്റ് ഓപ്‌ഷനുകളും നിങ്ങൾക്ക് തെരഞ്ഞെടുക്കാം).
- യുടിഎസ് ആപ്പിലെ "ടിക്കറ്റ് കാണിക്കുക" (show ticket) ഓപ്ഷൻ തെരഞ്ഞെടുക്കുന്നതിലൂടെ, ടിക്കറ്റുകൾ കാണാൻ കഴിയും. ഉറവിടത്തിലോ ജനറൽ ബുക്കിങ് കൗണ്ടറിലോ യുടിഎസ് ആപ്പിൽ നോട്ടിസിൽ ലഭിച്ച ബുക്കിങ് ഐഡി ഉപയോഗിച്ച് പേപ്പർ ടിക്കറ്റുകൾ പ്രിൻ്റ് ചെയ്യാവുന്നതാണ്.