ഇംഫാൽ: മണിപ്പൂരിൽ ഇന്‍റർനെറ്റ് സേവനങ്ങൾക്കുള്ള താത്‌കാലിക നിരോധനം പിൻവലിച്ചു. നിലവിലുള്ള ക്രമസമാധാന നില അവലോകനം ചെയ്‌ത ശേഷമാണ് സർക്കാർ നടപടി. മണിപ്പൂരിലെ സംഘർഷാവസ്ഥയെ തുടർന്ന് സെപ്‌റ്റംബർ 10ന് ഏർപ്പെടുത്തിയ ഇന്‍റർനെറ്റ് നിരോധനമാണ് പിൻവലിച്ചത്.
ലീസ് ലൈനുകൾ, വിസാറ്റ്, വിപിഎൻ സേവനങ്ങൾ ഉൾപ്പെടെയുള്ള ഇന്‍റർനെറ്റ് സേവനങ്ങൾ ഉടൻ പുനഃസ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു. നേരത്തെ, ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ വഴിയുള്ള ഇൻ്റർനെറ്റ് സേവനങ്ങൾ താത്‌കാലികമായി നിർത്തിവച്ചത് സെപ്റ്റംബർ 12ന് സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു.
മണിപ്പൂരില്‍ നിലവിലുള്ള ക്രമസമാധാന നില സംസ്ഥാന സർക്കാർ അവലോകനം ചെയ്‌തിരുന്നതായും പൊതുതാത്‌പര്യം മുൻനിർത്തി മുൻകരുതൽ നടപടിയായി ഏർപ്പെടുത്തിയിരിക്കുന്ന ഇന്‍റർനെറ്റ് സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവിൽ പറഞ്ഞു. അതേസമയം ഇന്‍റർനെറ്റ് നിരോധനം നീക്കിയ ശേഷം, ഭാവിയിൽ അത്തരം സസ്പെൻഷൻ ആവശ്യപ്പെടുന്ന സാഹചര്യങ്ങൾക്ക് കാരണമായേക്കാവുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സംസ്ഥാനത്തെ എല്ലാ ഇന്‍റർനെറ്റ് ഉപയോക്താക്കളോടും സര്‍ക്കാര്‍ അഭ്യർഥിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇംഫാൽ വെസ്‌റ്റ്, ഇംഫാൽ ഈസ്‌റ്റ്, തൗബാൽ, ബിഷ്‌ണുപൂർ, കച്ചിങ് എന്നീ അഞ്ച് ജില്ലകളിലാണ് സെപ്റ്റംബർ 10ന് മൊബൈൽ, ബ്രോഡ്‌ബാൻഡ് ഇൻ്റർനെറ്റ് സേവനങ്ങൾക്ക് സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നത്. നിരോധനാജ്ഞ ആദ്യം ഞായറാഴ്‌ച (സെപ്‌റ്റംബർ 15) അവസാനിക്കാനിരുന്നതാണെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്ത് അത് നീട്ടുകയായിരുന്നു.
ഇംഫാലിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്നാണ് സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കാൻ ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. 16 മാസത്തെ വംശീയ കലാപത്തിന് ശേഷം സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ സംസ്ഥാനത്തെ സ്‌കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു.
സെപ്‌റ്റംബർ 13ന് ഡിഐജി സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) മനീഷ് കുമാർ സച്ചാർ, കാങ്‌പോക്‌പി ജില്ലയിലെ തങ്കൻഫായ് ഗ്രാമവും സൈകുൽ ഹിൽടൗണിലെ സോങ്‌പെഹ്ജാങ് ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചിരുന്നു. അവിടെയുള്ള കുക്കി സമൂഹത്തിൻ്റെ പ്രതിനിധികളുമായി അദ്ദേഹം സംവദിച്ചിരുന്നു. 100ലധികം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നുണ്ടെന്നും അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും മനീഷ് കുമാർ സച്ചാർ മാധ്യമങ്ങളോട് പറഞ്ഞു.
Also Read: 'ലോകം മുഴുവന്‍ സഞ്ചരിക്കുന്ന പ്രധാനമന്ത്രിക്ക് മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ സമയമില്ല': ജയറാം രമേശ്