ന്യൂഡല്‍ഹി: റഷ്യയിലെ സെന്‍റ്പീറ്റേഴ്‌സ്ബര്‍ഗിലെ നദിയില്‍ മുങ്ങിമരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സര്‍വകലാശാലയുമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അപകടത്തില്‍പ്പെട്ട് രക്ഷപ്പെട്ട വിദ്യാര്‍ഥിക്ക് ആവശ്യമായ ചികിത്സയും നല്‍കി വരുന്നുണ്ട്. വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങളുമായും ജില്ല ഭരണകൂടവുമായും കോണ്‍സുലേറ്റ് ബന്ധപ്പെടുന്നുണ്ട്.
റഷ്യയിലെ വെലിക്കി നോവ്‌ഗൊറോഡിലെ യാരോസ്ലാവ്-ദി-വൈസ് നോവ്ഗൊറോഡ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് മരിച്ചത്. മഹാരാഷ്‌ട്രയില്‍ ജല്‍ഗാവി സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേരടങ്ങുന്ന സംഘം പുഴയില്‍ കുളിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പുഴയില്‍ ഇറങ്ങിയവരില്‍ ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു. ഇതോടെ മറ്റുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന നാല് പേരും രക്ഷപ്പെടുത്താന്‍ പുഴയിലേക്ക് എടുത്ത് ചാടിയതോടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാരെത്തിയെങ്കിലും ഒരാളെ മാത്രമെ രക്ഷിക്കാന്‍ സാധിച്ചുള്ളൂവെന്നും മന്ത്രാലയം പറഞ്ഞു.
രക്ഷപ്പെടുത്തിയ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായി സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു.
Also Read: Thrissur Rain | തോട്ടില്‍ കാല്‍വഴുതി വീണ് വിദ്യാര്‍ഥി മുങ്ങിമരിച്ചു ; അപകടം മീന്‍ പിടിക്കുന്നതിനിടെ