ഭുവനേശ്വര്‍: ഇന്ത്യന്‍ തീരസംരക്ഷണ സേന (കോസ്‌റ്റ് ഗാർഡ്) ഡിഐജിയെയും ഭാര്യയെയും നടുറോഡില്‍ അധിക്ഷേപിച്ച യുവാക്കൾ കസ്‌റ്റഡിയില്‍. ഒഡിഷയിലാണ് സംഭവം. കോസ്‌റ്റ് ഗാർഡ് ഡിഐജി ആയ സത്യരഞ്ജന്‍ ദാസും ഭാര്യയുമാണ് മദ്യലഹരിയിലുള്ള യുവാക്കളുടെ അധിക്ഷേപത്തിനിരയായത്.
വ്യാഴാഴ്‌ച രാത്രി 9.40 ന് ബെഹേര സതി ട്രാഫിക് സിഗ്‌നലില്‍ വച്ച് മദ്യപിച്ചെത്തിയ രണ്ട് യുവാക്കള്‍ ഇവരോട് മോശമായി പെരുമാറുകയും മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിക്കുകയുമായിരുന്നു. ഒരു ഡിപ്ലോമ വിദ്യാര്‍ത്ഥിയും എന്‍ജിനീയറും ഡിഐജിക്ക് മാര്‍ഗതടസമുണ്ടാക്കുകയും തുടര്‍ന്ന് ഇത് സംഘര്‍ഷത്തിലേക്ക് എത്തുകയുമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പിന്നീട് ഡിഐജി നയപ്പള്ളി പൊലീസില്‍ പരാതി നല്‍കി. യുവാക്കള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതായും മര്യാദ ഇല്ലാതെ പെരുമാറിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൗരബോധമുള്ള ആളെന്ന നിലയില്‍ ഉടന്‍ തന്നെ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ഉയർത്തിക്കാട്ടി.
വിവരമറിഞ്ഞ് പോലീസ് കമ്മീഷണർ സുരേഷ് ദേവദത്ത സിങ് പോലീസ് സ്‌റ്റേഷനിലെത്തി അടിയന്തര നടപടി ഉറപ്പ് വരുത്തി. ഇതോടെ കേസിന് കൂടുതല്‍ ഗൗരവവും കൈവന്നു. പരാതി കിട്ടിയതിനുപിന്നാലെ രണ്ട് പേരെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇത് നഗരത്തില്‍ ഒറ്റപ്പെട്ട സംഭവമല്ല. സെപ്റ്റംബര്‍ പതിനഞ്ചിനും ഭരത്പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു സൈനിക ഉദ്യോഗസ്ഥനും അദ്ദേഹത്തിന്‍റെ പെണ്‍സുഹൃത്തിനും നേരെ സമാനമായ സംഭവം ഉണ്ടായി. സെപ്റ്റംബര്‍ പതിനഞ്ചിന് പുലര്‍ച്ചെ ഒരു മണിയോടെ റസ്‌റ്ററന്‍റില്‍ നിന്ന് തിരികെ വരുമ്പോഴാണ് ഇവർ ആക്രമിക്കപ്പെട്ടത്. രണ്ട് കേസുകളിലും ശക്തമായ നടപടിയെടുക്കണമെന്ന് കമ്മീഷണര്‍ സുരേഷ് ദേവദത്ത സിങ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഭുവനേശ്വറിലെ പാതകളില്‍ ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
Also Read: ക്ഷേത്രത്തില്‍ പരിപാടിക്കിടെ കത്തിക്കുത്ത്; 10 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു