ചെന്നൈ: ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്‌ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഐസിജി സംഘടിപ്പിക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പമാണ് രാകേഷ് പാല്‍ ചെന്നൈയിലെത്തിയത്.
രാവിലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാജ്‌നാഥ് സിങ് ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. കഴിവും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥനായിരുന്നു രാകേഷ് പാലെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
"ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡിജി ശ്രീ രാകേഷ് പാലിൻ്റെ അകാല വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കഴിവും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഐസിജി ഇന്ത്യയുടെ കടൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ വലിയ മുന്നേറ്റം നടത്തിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു രാകേഷ് പാൽ "- മന്ത്രി പറഞ്ഞു.
രാകേഷ് പാലിന്‍റെ ഭൗതിക ശരീരം ഡൽഹിയിലേക്കെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2023 ജൂലൈ 19-നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ 25-ാമത് ഡയറക്‌ടർ ജനറലായി രാകേഷ് പാൽ ചുമതലയേറ്റത്. 34 വർഷത്തിനിടെ കോസ്റ്റ് ഗാർഡ് റീജിയൻ കമാൻഡർ (നോർത്ത് വെസ്റ്റ്), ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ, ഡൽഹി കോസ്റ്റ് ഗാർഡ് ആസ്ഥാനത്തെ അഡീഷണൽ ഡയറക്‌ടർ ജനറൽ എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.