ന്യൂഡല്‍ഹി: ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കോ ഇസ്രയേലിലേക്കോ യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇറാനിലും ഇസ്രയേലിലും താമസിക്കുന്ന ഇന്ത്യക്കാരോട് സുരക്ഷയില്‍ പരമാവധി മുൻകരുതലുകൾ എടുക്കാനും പുറത്തേക്കുള്ള യാത്രകള്‍ പരമാവധി പരിമിതപ്പെടുത്താനും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നിലവില്‍ ഇരു രാജ്യങ്ങളിലും താമിസിക്കുന്നവരോട് അവിടെയുള്ള ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടാനും രജിസ്‌റ്റര്‍ ചെയ്യാനും മന്ത്രാലയം നിര്‍ദേശിച്ചു. ടെഹ്‌റാൻ ഉടൻ തന്നെ ഇസ്രായേലിനെതിരെ ആക്രമണം നടത്തിയേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ മാസം ആദ്യമാണ് സിറിയയിലെ ഇറാന്‍ കോൺസുലേറ്റിന് നേരെ വ്യോമാക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ 7 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമിച്ചത് ഇസ്രയേലാണെന്ന് ഇറാന്‍ ആരോപിച്ചെങ്കിലും ഇസ്രയേല്‍ ഇത് നിഷേധിച്ചു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ രൂക്ഷമായ വാക്‌പോരും ഉണ്ടായിരുന്നു. സംഘര്‍ഷത്തിനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.