ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവ ശക്തി കഴിഞ്ഞ പതിറ്റാണ്ടിനിടെ ഇരട്ടിയായെന്ന് സര്‍ക്കാര്‍. 4780 മെഗാവാട്ടില്‍ നിന്ന് 8081 മെഗാവാട്ടായാണ് ആണവശേഷി വര്‍ദ്ധിച്ചത്. 2031ഓടെ ഇത് മൂന്ന് മടങ്ങാകുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. 2014 മുതല്‍ നടക്കുന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. ലോക്‌സഭയില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സിങ്. ആണവോര്‍ജ്ജം, ബഹിരാകാശം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് ജിതേന്ദ്രസിങാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോല്‍ മൊത്തം ആണവ ശേഷി 4780 മെഗാവാട്ട് ആയിരുന്നു. 2024ല്‍ ഇത് 8081 മെഗാവാട്ടില്‍ എത്തി നില്‍ക്കുന്നു. 2031-32 ഓടെ ഇന്ന് മൂന്ന് മടങ്ങായി 22,480 മെഗാവാട്ടിലെത്തും. ഇത് നമ്മുടെ സാങ്കേതിക വൈദഗ്ദ്ധ്യത്തിന്‍റെ നേട്ടം മാത്രമല്ലെന്നും രാഷ്‌ട്രീയ ഇച്‌ഛാശക്തിയിലുണ്ടായ മാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമുക്ക് എപ്പോഴും കഴിവും ശേഷിയും ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഉപയോഗിക്കപ്പെട്ടില്ല. രാഷ്‌ട്രീയ നേതൃത്വം ഇപ്പോ അവയെ ഫലപ്രദമായി വിനിയോഗിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ ആണവ പ്ലാന്‍റുകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അന്‍പത് ശതമാനം അതത് സംസ്ഥാനങ്ങള്‍ക്കും മുപ്പത്തഞ്ച് ശതമാനം അയല്‍ സംസ്ഥാനങ്ങള്‍ക്കും പതിനഞ്ച് ശതമാനം നാഷണല്‍ ഗ്രിഡിനുമെന്ന കണക്കിലാണ് പങ്കിടുന്നതെന്ന് തമിഴ്‌നാട്ടിലെ പദ്ധതി വൈകലും ഊര്‍ജ്ജ പങ്കിടലും സംബന്ധിച്ച ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. ഈ പങ്കിടല്‍ ഫോര്‍മുല നമ്മുടെ ഫെഡറലിസത്തിന്‍റെ ആത്മാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷികമേഖലയിലും ആണവോര്‍ജ്ജം വഹിക്കുന്ന പങ്കിനെ അദ്ദേഹം എടുത്ത് കാട്ടി. 70 ജനിത വ്യതിയാനം വരുത്തിയ വിളകള്‍ ഉത്പാദിപ്പിക്കുന്നു. ആരോഗ്യമേഖലയില്‍ ആണവമാര്‍ഗങ്ങളിലൂടെ ഐസോടോപ്പുകള്‍ വികസിപ്പിച്ച് അര്‍ബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. സമാധാനവും നൂതനവുമായ മാര്‍ഗങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നതില്‍ ഇന്ത്യ ആഗോള നേതൃനിരയിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ലോകത്തെ മൊത്തം വിതരണത്തിന്‍റെ 21ശതമാനും തോറിയവും ഇന്ത്യയുടെ പക്കലാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കടല്‍ത്തീര ധാതുവായ മൊണോസൈറ്റാണ് തോറിയത്തിന്‍റെ മുഖ്യ ഉറവിടം. മോഷണം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഇവ ഇപ്പോള്‍ നാം ഫലപ്രദമായി വിനിയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ ഭാവിനി പദ്ധതി തോറിയം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് യുറാനിയം പോലെ ഇറക്കുമതി ചെയ്യുന്നവയുടെ ആശ്രയത്വം കുറയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.