ന്യൂഡല്‍ഹി: ആലപ്പുഴ, പാറ്റ്‌ന, കെന്ദാരപാറ തുടങ്ങിയ ജില്ലകളെ കാത്തിരിക്കുന്നത് അതിഭീകര വെള്ളപ്പൊക്കവും വരള്‍ച്ചയുമെന്ന് റിപ്പോര്‍ട്ട്. അടിയന്തര നടപടികളുണ്ടാകണമെന്നും രണ്ട് ഐഐടികള്‍ ചേര്‍ന്ന് തയാറാക്കിയ കാലാവസ്ഥ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഗുവാഹത്തി, മാണ്ടി എന്നീ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികള്‍ ബെംഗളുരുവിലെ ശാസ്‌ത്ര-സാങ്കേതിക-നയ പഠന കേന്ദ്രവുമായി (സിഎസ്‌ടിഇപി) ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'ഇന്ത്യയിലെ ജില്ലാതല കാലാവസ്ഥ വെല്ലുവിളികളെക്കുറിച്ചുള്ള വിലയിരുത്തല്‍; ഐപിസിസി ചട്ടക്കൂട് ഉപയോഗിച്ച് തയാറാക്കിയ വെള്ളപ്പൊക്ക വരള്‍ച്ചാ വെല്ലുവിളികള്‍'-എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ രാജ്യത്തെ 51 ജില്ലകള്‍ അതീവ (Very High)വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടുന്നു. 118 ജില്ലകള്‍ ഉയര്‍ന്ന വെല്ലുവിളി(High) വിഭാഗത്തിലുമുണ്ട്. അസം, ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഗുജറാത്ത്, ഒഡിഷ, ജമ്മു കശ്‌മീര്‍ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതോടൊപ്പം തന്നെ 91 ജില്ലകള്‍ അതീവ (Very High) വരള്‍ച്ചാ വെല്ലുവിളികള്‍ നേരിടുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 188 ജില്ലകള്‍ ഉയര്‍ന്ന (High)വെല്ലുവിളികള്‍ നേരിടുന്ന ജില്ലകളുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിഹാര്‍, അസം, ജാര്‍ഖണ്ഡ്, ഒഡിഷ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള ജില്ലകളാണിവയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വെള്ളപ്പൊക്കവും വരള്‍ച്ചയും ബാധിക്കാന്‍ അതീവസാധ്യതയുള്ള (Very High)പതിനൊന്ന് ജില്ലകളില്‍ കേരളത്തിലെ ആലപ്പുഴ, ബിഹാറിലെ പാറ്റ്ന, ഒഡിഷയിലെ കേന്ദ്രപ്പാറ എന്നിവയാണ് ഉള്ളത്. ഇവിടെ അടിയന്തര ഇടപെടല്‍ ആവശ്യമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ കാര്‍ഷിക സമൂഹം മഴയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. എന്നാല്‍ കാലാവസ്ഥ വ്യതിയാനം മൂലം ഇത് ഇവര്‍ക്ക് വലിയ വെല്ലുവിളികളാണ് സൃഷ്‌ടിക്കുന്നത്. വെള്ളപ്പൊക്കവും വരള്‍ച്ചയും നിത്യസംഭവങ്ങളാകുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്. ഡിഎസ്‌ടി, എസ്‌ഡിസി റിപ്പോര്‍ട്ട് 600 ജില്ലകളിലെ വെല്ലുവിളികള്‍ സമഗ്രമായി പ്രതിപാദിക്കുന്നു. ഇവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് ഐഐടി ഗുവാഹത്തി മേധാവി ദേവേന്ദ്ര ജലിഹല്‍ പറഞ്ഞു.
"കാലാവസ്ഥാ വ്യതിയാനം നമ്മുടെ കാലത്തെ ഏറ്റവും ഭയാനകമായ വെല്ലുവിളികളിലൊന്നാണ്, ഇത് കൃഷിയെയും ഉപജീവനത്തെയും ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും ബാധിക്കുന്നു. ഒരു സ്ഥാപനത്തിനും ഇതിനെ ഒറ്റയ്ക്ക് നേരിടാൻ കഴിയില്ല - ഇതിന് കൂട്ടായ പരിശ്രമങ്ങളും നൂതന ചട്ടക്കൂടുകളും ആവശ്യമാണ്. അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും സംവേദനക്ഷമത വിലയിരുത്തുന്നതിനും അപകടസാധ്യതയുള്ള പ്രാദേശിക കമ്മ്യൂണിറ്റികൾ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുമുള്ള ചുവടുവയ്പ്പ് വേണം," ശാസ്ത്ര വിഭാഗത്തിന്‍റെ മേധാവി അനിതാ ഗുപ്‌ത പറഞ്ഞു.
"ഈ കണ്ടെത്തലുകൾ താഴെത്തട്ടിലേക്ക് എത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, സ്ഥിതിവിവരക്കണക്കുകൾ ദേശീയ, സംസ്ഥാന തലങ്ങളിലേക്കും എത്തിച്ചേരണം. പരിശുദ്ധ- ഹരിത- കാലാവസ്ഥ ഉള്‍ക്കൊള്ളല്‍ ഭാവിയിലേക്ക് ചുവട് വയ്ക്കുന്ന ഇന്ത്യയ്ക്ക് ഇത് ഒരു തുടക്കം മാത്രമാണ്. 2047-ഓടെ ഒരു വികസിത ഭാരത്, നെറ്റ് സീറോ ഭാരത് എന്നിവ കൈവരിക്കാന്‍ ഒന്നിച്ച് അതിവേഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ശബരിമലയിൽ പെയ്യുന്ന മഴയ്‌ക്കും കൃത്യമായ കണക്ക്; പുതിയ 'മഴ മാപിനികള്‍' എല്ലാം അളന്നെടുക്കും