വയനാട്: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തുന്നതോടെ ദേശീയ തലത്തില്‍ ശ്രദ്ധനേടിയിരിക്കുകയാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും വയനാട്ടിലും മത്സരിച്ച രാഹുല്‍ ഗാന്ധി റായ്‌ബറേലി നിലനിര്‍ത്തിയതോടെയാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപിച്ചത്. പ്രിയങ്ക ഗാന്ധിയെ കൂടി പാര്‍ലമെന്‍റില്‍ എത്തിച്ചാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ഒരു ശബ്‌ദമായി മാറാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
തന്‍റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിക്കുകയാണ് പ്രിയങ്ക ഗാന്ധി. വയനാട്ടില്‍ നിന്നും മത്സരിക്കാൻ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും, രാഹുല്‍ ഗാന്ധിയുടെ പകരക്കാരിയാകാൻ ശ്രമിക്കുമെന്നും അവര്‍ പ്രതികരിച്ചു.
'വയനാടിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്, വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഒരു അഭാവം ഉണ്ടാകാൻ ഞാൻ സമ്മതിക്കില്ല. ഞാൻ കഠിനാധ്വാനം ചെയ്യുകയും എല്ലാവരേയും സന്തോഷിപ്പിക്കാനും ഒരു നല്ല പ്രതിനിധിയാകാനും പരമാവധി ശ്രമിക്കുകയും ചെയ്യും. റായ്ബറേലിയുമായും അമേഠിയുമായും എനിക്ക് കാലങ്ങളോളമായുള്ള വലിയ ബന്ധമുണ്ട്, അത് തകർക്കാൻ കഴിയില്ല. റായ്ബറേലിയിലെ എന്‍റെ സഹോദരൻ രാഹുല്‍ ഗാന്ധിക്ക് വേണ്ടിയും ഞാൻ പ്രവര്‍ത്തിക്കും. ഞങ്ങൾ രണ്ടുപേരും റായ്ബറേലിയിലും വയനാട്ടിലും ഉണ്ടാകും,' എന്ന് പ്രിയങ്ക പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വയനാട്ടിലെ ജനങ്ങളെ കൈവിടില്ലെന്ന് രാഹുല്‍ ഗാന്ധി
പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമായി പ്രതികരിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. റായ്ബറേലിയിലും വയനാട്ടിലും നിന്നുമായി രണ്ട് കോണ്‍ഗ്രസ് എംപിമാരെ ലഭിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. 'പ്രിയങ്ക വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വയനാട്ടിലെ എല്ലാവരും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ ഞാൻ വയനാട്ടിലെ സ്ഥിരം സന്ദർശകനായിരിക്കും, വയനാട്ടിലെ ജനങ്ങൾക്ക് എപ്പോഴും എന്നെ സമീപിക്കാം, വയനാട്ടിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്യാൻ ഞാൻ തയ്യാറാണ്. റായ്ബറേലിയുമായി എനിക്ക് പഴയ ബന്ധമുണ്ട്, അവിടെ വീണ്ടും പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്, പക്ഷേ അത് കഠിനമായ തീരുമാനമായിരുന്നു,' എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
'പ്രിയങ്ക ഗാന്ധി വയനാട്ടില്‍ വിജയിക്കും'
പ്രിയങ്ക ഗാന്ധി വയനാട്ടിൽ വിജയിക്കുമെന്ന് രാഹുൽ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുകയാണ്, അവർ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. വയനാട്ടിലെ ജനങ്ങൾ രണ്ട് പാർലമെന്‍റ് അംഗങ്ങളെയാണ് നല്‍കാൻ പോകുന്നത്, ഒന്ന് ഞാനും ഒന്ന് എന്‍റെ സഹോദരിയുമാണ്. തന്‍റെ വാതിലുകൾ വയനാട്ടിലെ ജനങ്ങൾക്കായി എപ്പോഴും തുറന്നിരിക്കുന്നു, വയനാട്ടിലെ ഓരോ വ്യക്തിയെയും താൻ സ്നേഹിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Read Also: വയനാട്ടില്‍ പെണ്‍പോരോ?; പ്രിയങ്കയുടെ എതിരാളി ആര്?