ഹൈദരാബാദ് : ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരത് രാഷ്‌ട്ര സമിതിക്ക് (ബിആർഎസ്) കനത്ത തിരിച്ചടി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) ഡെപ്യൂട്ടി മേയർ മോത്തേ ശ്രീലത ശോഭൻ റെഡ്ഡിയും ഭർത്താവ് മോത്തേ ശോഭൻ റെഡ്ഡിയും ഞായറാഴ്‌ച (25-02-2024) ഭരണകക്ഷിയായ കോൺഗ്രസിൽ ചേർന്നു (Hyderabad Deputy Mayor Srilatha And Her Husband Ditch BRS And Join Congress). തെലങ്കാനയുടെ എഐസിസി ചുമതലയുള്ള ദീപ ദാസ് മുൻഷി, സംസ്ഥാന മന്ത്രി പൊന്നം പ്രഭാകർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരു നേതാക്കളും പാർട്ടിയില്‍ അംഗത്വമെടുത്തത്.
സംസ്ഥാനത്തിനായുള്ള പോരാട്ടത്തിൽ സജീവമായ പങ്കാളിത്തവും മറ്റ് നിരവധി പ്രതിഷേധങ്ങളെ അണിനിരത്തുകയും ചെയ്‌ത് ബിആർഎസിന് മികച്ച സേവനങ്ങൾ ചെയ്‌തതിന് പാർട്ടിയില്‍ സുപ്രധാന സ്ഥാനങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് കോൺഗ്രസിലേക്ക് ചേർന്ന ശേഷം ശ്രീലത ശോഭൻ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. "ഞാനും ഭർത്താവും 20 വർഷത്തിലേറെയായി ബിആർഎസിൽ ഉണ്ടായിരുന്നു. തെലങ്കാനയുടെ സംസ്ഥാന പദവിക്ക് വേണ്ടി പോരാടുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തു." - ശ്രീലത ശോഭൻ റെഡ്ഡി പറഞ്ഞു.
പാർട്ടിയിൽ നല്ല സ്ഥാനങ്ങളോ നല്ല പ്രതിഫലമോ ലഭിക്കാത്തതിനാൽ തങ്ങളുടെ നല്ല പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്നും ഇത്തരം നിസംഗതയാണ് തങ്ങളെ കോൺഗ്രസിൽ ചേരാൻ പ്രേരിപ്പിച്ചതെന്നും അവർ വ്യക്‌തമാക്കി. ഭരണകക്ഷിയായ കോൺഗ്രസ് അവർക്ക് നല്ല സ്ഥാനങ്ങൾ വാഗ്‌ദാനം ചെയ്‌തിരുന്നോ എന്ന ചോദ്യത്തിന്, ഇപ്പോൾ അത്തരം വാഗ്‌ദാനങ്ങളൊന്നുമില്ലെന്ന് അവർ പറഞ്ഞു. മുൻ ഹൈദരാബാദ് മേയർ ബോന്തു റാംമോഹൻ, ഡെപ്യൂട്ടി മേയർ ബാബ ഫസിയുദ്ദീൻ എന്നിവരും ബിആർഎസ് വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.
കോണ്‍ഗ്രസ് എംഎല്‍എ വിജയധരണി ബിജെപിയില്‍; തമിഴ്‌നാട്ടില്‍ വീണ്ടും കൂടുമാറ്റം : പാർലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് നിയോജക മണ്ഡലം കോണ്‍ഗ്രസ് എംഎൽഎ വിജയധരണി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി എൽ മുരുകന്‍റെ സാന്നിധ്യത്തിലാണ് വിജയധരണി ബിജെപിയിൽ അംഗത്വമെടുത്തത്.
കന്യാകുമാരിയില്‍ ജനിച്ചുവളര്‍ന്ന വിജയധരണി പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തിലെ അംഗമാണ്. വിജധരണിയുടെ കുടുംബാംഗങ്ങളില്‍ പലരും കോണ്‍ഗ്രസിന്‍റെ ദേശീയ, സംസ്ഥാന നേതൃസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. അടുത്തിടെ കെ സെൽവ പെരുന്തഗൈയെ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയിലേക്ക് നിയമിച്ചിരുന്നു.
ഉള്‍പാർട്ടി രാഷ്ട്രീയമാണ് കോൺഗ്രസിന്‍റെ പ്രധാന ദൗർബല്യങ്ങളിള്‍ ഒന്നെന്ന് വിജയധരണി വിമര്‍ശിച്ചു. നേതാക്കള്‍ പാര്‍ട്ടിക്കകത്ത് ഗ്രൂപ്പുകൾ ഉണ്ടാക്കി മറ്റു ഗ്രൂപ്പുകളുമായി മത്സരിച്ച് പാർട്ടിയുടെ വളര്‍ച്ച മുരടിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഫെബ്രുവരി 28 ന് തിരുനെല്‍വേലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി റാലിയില്‍ വിജയധരണി പങ്കെടുക്കുമെന്നാണ് സൂചന.
കഴിഞ്ഞ ആഴ്‌ചയാണ് മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നത്. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ എന്നിവരുടെ സാന്നിധ്യത്തിലാണ് ചവാനെ ബിജെപി നേതാക്കള്‍ മുംബൈയിലെ പാര്‍ട്ടി ഓഫിസില്‍ സ്വീകരിച്ചത്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ബാബ സിദ്ദിഖും മിലിന്ദ് ദേവ്‌റയും പാര്‍ട്ടി വിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു അശോക് ചവാന്‍റെയും ചുവടു മാറ്റം.