ഹൈദരാബാദ്: പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) വഴി ഇതുവരെ നല്‍കിയത് 27.75 ലക്ഷം കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 47 കോടി ചെറുകിട-നവ സംരംഭകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു (Pradhan Mantri MUDRA Yojana).
പുതിയതും നിലവിലുള്ളതുമായ ചെറുകിട സംരംഭകര്‍ക്ക് പത്ത് ലക്ഷം രൂപ വരെ വായ്‌പ നല്‍കുന്ന പദ്ധതിയാണ് പിഎംഎംവൈ. ഇതുവരെ പദ്ധതിപ്രകാരം 47,19,91,954 പേര്‍ക്ക് വായ്‌പ നല്‍കി. പദ്ധതി ആരംഭിച്ച 2015-16ല്‍ 1,32,954.73 കോടി രൂപയുടെ വായ്‌പ നല്‍കിയതായി സര്‍ക്കാരിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. തൊട്ടടുത്ത സാമ്പത്തിക വര്‍ഷമായ 2016-17ല്‍ ഈ തുകയില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായി. 1,75,312.13 കോടി രൂപയാണ് അക്കൊല്ലം വായ്‌പയായി നല്‍കാന്‍ സാധിച്ചത്.
2022-23ല്‍ 4,50,423.66 കോടി രൂപയാണ് വായ്‌പ ഇനത്തില്‍ നല്‍കിയത്. 2023-24ല്‍ വിതരണം ചെയ്‌ത പണം 4,85,309.94 കോടിയിലെത്തി. 44.46 കോടി വായ്‌പയില്‍ 30.64 കോടിയും (69%) സ്‌ത്രീകള്‍ക്കാണ് നല്‍കിയതെന്നും ധനകാര്യ മന്ത്രാലയ രേഖകള്‍ വ്യക്തമാക്കുന്നു. സ്‌റ്റാന്‍ഡ്-അപ് ഇന്ത്യ (എസ്‌യുപിഐ) പ്രകാരം 2.09 ലക്ഷം വായ്‌പകള്‍ അനുവദിച്ചു. ഇതില്‍ 1.77 ലക്ഷം(84%)വും വനിത സംരംഭകര്‍ക്കാണ് നല്‍കിയിട്ടുള്ളതെന്നും കണക്കുകള്‍ പറയുന്നു(SUPI).
വളരെ വേഗത്തില്‍ വായ്‌പ കിട്ടുന്നത് രാജ്യത്തെ സമൂഹത്തിന്‍റെ വിവിധ തുറകളില്‍, വിവിധ വിഭാഗങ്ങളില്‍ സാമൂഹ്യ-സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമായി. പിഎംഎംവൈ 2015 ഏപ്രില്‍ എട്ടിനാണ് ഉദ്ഘാടനം ചെയ്‌തത്. ഇതിലൂടെ ചെറുകിട സൂക്ഷ്‌മ വ്യവസായികള്‍ക്ക് വരുമാനമുണ്ടാക്കാന്‍ സാമ്പത്തിക സഹായം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. എസ്‌യുപിഐ 2016 ഏപ്രില്‍ അഞ്ചിനാണ് തുടങ്ങിയത്. വനിത, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വായ്‌പ നല്‍കുന്ന പദ്ധതിയാണിത്. സ്‌ത്രീകളുടെ ഉദ്ധാരണത്തിന് വേണ്ടിയുള്ള പദ്ധതികളാണിത്. പിഎംഎംവൈയിലൂടെ വനിത സംരംഭകത്വത്തിന് വരുമാനവും തൊഴിലും സൃഷ്‌ടിക്കാനും സഹായകമായി. അതിലൂടെ അവരെ സാമ്പത്തികമായും സാമൂഹ്യമായും മാനസികമായും ശാക്‌തീകരിക്കാനും സാധിച്ചു.
വനിതകള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനും ഒരു വായ്‌പ എങ്കിലും നല്‍കുന്നതിലൂടെ വനിത സംരംഭകര്‍ക്ക് പുതിയ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയാണ്. ദീര്‍ഘകാലമായി വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളുടെ വിജയമാണ് ഇതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കോഴി വളര്‍ത്തല്‍, ഡയറി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഉത്പാദനം, വ്യാപാരം അല്ലെങ്കില്‍ സേവന മേഖലകളില്‍ കാര്‍ഷികേതര മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വരുമാനമുണ്ടാക്കുന്ന സൂക്ഷ്‌മ സംരംഭങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെ വായ്‌പ നല്‍കുന്നു.
ചെറുകിട ഉത്പാദന യൂണിറ്റുകൾ, സേവന മേഖല യൂണിറ്റുകള്‍, കടയുടമകള്‍, പഴങ്ങള്‍, പച്ചക്കറി വില്‍പ്പനക്കാര്‍, ട്രക്ക് ഓപ്പറേറ്റര്‍മാര്‍, ഭക്ഷ്യ സേവന യൂണിറ്റുകള്‍, റിപ്പയര്‍ ഷോപ്പുകള്‍, മെഷീന്‍ ഓപ്പറേറ്റര്‍മാര്‍, ചെറുകിട വ്യവസായങ്ങള്‍, കൈത്തൊഴിലാളികള്‍, ഭക്ഷണശാലകൾ എന്നിങ്ങനെ ദശലക്ഷക്കണക്കിന് സ്ഥാപനങ്ങള്‍ ഈ സൂക്ഷ്‌മ ചെറുകിട സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഏതൊക്കെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മുദ്രാവായ്‌പകള്‍ ലഭിക്കും
- പൊതുമേഖല ബാങ്കുകള്‍
- സ്വകാര്യ ബാങ്കുകള്‍
- സംസ്ഥാന സഹകരണ ബാങ്കുകള്‍
- പ്രാദേശിക മേഖലയില്‍ നിന്നുള്ള ഗ്രാമീണ ബാങ്കുകള്‍
- മൈക്രോഫിനാന്‍സ് സ്ഥാപനം
- നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി
- ചെറുകിട ധനകാര്യ ബാങ്കുകള്‍
- അംഗ ധനകാര്യ സ്ഥാപനമായി മുദ്ര ലിമിറ്റഡ് അംഗീകരിച്ച മറ്റ് സാമ്പത്തിക ഇടനിലക്കാരന്‍.
പലിശനിരക്ക്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അംഗീകൃത വായ്‌പ സ്ഥാപനങ്ങള്‍ കാലാകാലങ്ങളില്‍ പലിശ നിരക്ക് പ്രഖ്യാപിക്കുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ബാധകമായ പലിശനിരക്ക് നിര്‍ണയിക്കപ്പെടുന്നു.
മുന്‍കൂര്‍ ഫീസ് -പ്രോസസിംഗ് നിരക്കുകള്‍
ബാങ്കുകള്‍ക്ക് അവരുടെ ആന്തരിക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുന്‍കൂര്‍ ഫീസ് ഈടാക്കുന്നത് പരിഗണിക്കാം. ശിശു വായ്‌പകള്‍ക്കുള്ള മുന്‍കൂര്‍ ഫീസ്-പ്രോസസിങ്ങ് ചാര്‍ജുകള്‍, അതായത് അന്‍പതിനായിരം രൂപ വരെയുള്ള വായ്‌പകളുടെ ചാര്‍ജുകള്‍ മിക്ക ബാങ്കുകളും എഴുതിത്തള്ളുന്നു.
ആനുകൂല്യങ്ങള്‍
ഗുണഭോക്തൃ മൈക്രോ യൂണിറ്റിന്‍റെ / സംരഭകന്‍റെ വളര്‍ച്ചയുടെയും വികസനത്തിന്‍റെയും ഫണ്ടിങ്ങ് ആവശ്യങ്ങളുടെ ഘട്ടത്തെ സൂചിപ്പിക്കാന്‍ ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.
- ശിശു- അന്‍പതിനായിരം രൂപ വരെയുള്ള വായ്‌പകള്‍
- കിഷോര്‍-അന്‍പതിനായിരം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള വായ്‌പകള്‍
- തരുണ്‍- അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ
വായ്‌പയ്ക്ക് യോഗ്യരായവര്‍
- വ്യക്തികള്‍
- പങ്കാളിത്ത സ്ഥാപനങ്ങള്‍
- പ്രൈവറ്റ് ലിമിറ്റഡ് കമ്പനി
- പൊതു കമ്പനി
- മറ്റേതെങ്കിലും നിയമപരമായ സ്ഥാപനങ്ങള്‍
അപേക്ഷകര്‍ക്ക് ഏതെങ്കിലും ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ കുടിശിക ഉണ്ടാകരുത്. തൃപ്‌തികരമായ ക്രെഡിറ്റ് ട്രാക്ക് റെക്കോര്‍ഡ് ഉണ്ടായിരിക്കണം. വ്യക്തിഗത കടം വാങ്ങുന്നവര്‍ക്ക് നിര്‍ദ്ദിഷ്‌ട പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, വൈദഗ്ദ്ധ്യം, പരിചയം, അറിവ് എന്നിവ ആവശ്യമായി വന്നേക്കാം.
അപേക്ഷകളുടെ നടപടിക്രമം
തിരിച്ചറിയല്‍ രേഖ, വിലാസ തെളിവ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അപേക്ഷന്‍റെ ഒപ്പ്, ബിസിനസ് സ്ഥാപനത്തിന്‍റെ വിലാസം തെളിയിക്കുന്ന രേഖ എന്നിലവ സഹിതം മുദ്ര ലോണിന്‍റെ ഔദ്യോഗിക വൈബ്സൈറ്റില്‍ കയറി "അപേക്ഷിക്കുക" എന്നതില്‍ ക്ലിക്ക് ചെയ്‌തശേഷം പേര് വിവരങ്ങളടക്കം നല്‍കി പൂരിപ്പിക്കുക. തുടര്‍ന്ന് പ്രൊഫഷണല്‍ വിവരങ്ങള്‍ നല്‍കുക, വായ്‌പയുടെ തരം തിരഞ്ഞെടുക്കുക, ആവശ്യമായ രേഖകള്‍ നല്‍കുക, അപേക്ഷ സമര്‍പ്പിച്ചാല്‍ ഭാവിയിലേക്ക് ഉപയോഗിക്കാന്‍ നിങ്ങള്‍ ആപ്ലിക്കേഷന്‍ നമ്പര്‍ ലഭിക്കും.
ശിശു വായ്‌പയ്‌ക്ക് ആവശ്യമായ രേഖകള്‍
- തിരിച്ചറിയല്‍ രേഖ
- താമസ രേഖകള്‍
- ഫോട്ടോ
- വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക
- വിതരണക്കാരന്‍റെ വിശദാംശങ്ങള്‍
- സംരംഭത്തിന്‍റെ വിലാസം
കിഷോര്‍ തരുണ്‍ വായ്‌പകൾക്ക് ആവശ്യമായ രേഖകള്‍
- തിരിച്ചറിയല്‍ രേഖ
- താമസത്തിന്‍റെ തെളിവ്
- ഫോട്ടോ
- സംരംഭ വിലാസം
- അപേക്ഷന് ധന ബാധ്യതയില്ലെന്ന രേഖകള്‍
- നിലവിലെ ബാങ്ക് അക്കൗണ്ടുകളുടെ ആറ് മാസത്തെ പ്രസ്‌താവന
- ആദായനികുതി രേഖകള്‍, ബാലന്‍സ് ഷീറ്റുകള്‍
- പ്രോജക്‌ട് റിപ്പോര്‍ട്ട്
- കമ്പനിയുടെ മെമ്മോറാണ്ടം, പങ്കാളിത്തം തുടങ്ങിയവ