ന്യൂഡല്‍ഹി: അംബേദ്ക്കറെക്കുറിച്ചുള്ള അമിത്ഷായുടെ പരാമര്‍ശങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി ബിജെപി പാര്‍ലമെന്‍റിന്‍റെ പ്രവേശനകവാടത്തില്‍ മുന്‍കൂട്ടി എഴുതി തയാറാക്കിയ നാടകം കളിക്കുകയായിരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് രംഗത്ത്. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചെങ്കിലും തങ്ങള്‍ ഇതില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുടിപ്പക, പകപോക്കല്‍, ഭിന്നിപ്പിക്കല്‍, അപമാനിക്കല്‍ എന്നീ രാഷ്‌ട്രീയങ്ങളുടെ ഭാഗമാണ് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ എടുത്തിട്ടുള്ള പ്രഥമ വിവര റിപ്പോര്‍ട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"പ്രധാനമന്ത്രിയെ താങ്ങി നിര്‍ത്തുന്ന രണ്ട് ശക്തരായ തൂണുകളാണ് ഉള്ളത്. അതില്‍ ഒന്ന് അമിതും ഒന്ന് അദാനിയുമാണ്. എന്നാല്‍ ഈ രണ്ട് തൂണുകളും ഇന്ന് അതീവ മോശമായി തകര്‍ന്ന് കഴിഞ്ഞിരിക്കുന്നു. അദാനിയെക്കുറിച്ച് പുറത്ത് വന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. അംബേദ്ക്കറിന്‍റെ പാര്‍ലമെന്‍റിലെ പരാമര്‍ശങ്ങളും അമിത് ഷായെയും തകര്‍ത്തിരിക്കുന്നു" - ജയറാം രമേഷ് പറഞ്ഞു.
അംബേദ്ക്കറെക്കുറിച്ച് അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വിഷയം തന്നെയാണ്. ആഭ്യന്തരമന്ത്രി രാജിവയ്ക്കുകയും മാപ്പ് പറയുകയും ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തുന്നത് തങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമിത് ഷായുടെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപമാനകരമായിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉടന്‍ തന്നെ എഴുന്നേറ്റ് പ്രതിഷേധിച്ചു. അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചില്ല. പിന്നീട് കോണ്‍ഗ്രസും മറ്റെല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ച് ആഭ്യന്തരമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. രാജിയും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സഭ തടസപ്പെട്ടത്.
കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിന്‍റെ പ്രവേശന കവാടമായ മകര്‍ദ്വാറില്‍ ബിജെപി വലിയ നാടകം കളിച്ചു. തുടര്‍ന്ന് ഒരു കുഴപ്പവുമില്ലാത്ത രണ്ട് എംപിമാരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് അയച്ചു. അവരാണ് തികച്ചും അനാവശ്യമായ ഈ വിവാദങ്ങളെല്ലാം സൃഷ്‌ടിച്ചത്. ഞങ്ങളുടെ നേതാവായ രാഹുല്‍ ഗാന്ധിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉയര്‍ത്തി.
ബിജെപിയില്‍ തന്നെ പല നേതാക്കള്‍ക്കും അമിത് ഷായുടെ പരാമര്‍ശങ്ങളോട് അമര്‍ഷമുണ്ട്. എന്നാല്‍ ഭയം കൊണ്ട് അവര്‍ മിണ്ടാതിരിക്കുകയാണ്. ആഭ്യന്തരമന്ത്രി എല്ലാവരെയും നിശബ്‌ദരാക്കിയിരിക്കുന്നു. രാഹുല്‍ ഗാന്ധിക്കെതിെര കേസെടുക്കാന്‍ പൊലീസിനെയും നിര്‍ബന്ധിതരാക്കി.
സഭയില്‍ അംബേദ്ക്കര്‍ അപമാനിതനായിരിക്കുന്നു. പ്രധാനമന്ത്രി അദ്ദേഹത്തിന്‍റെ ആഭ്യന്തരമന്ത്രിയെ നീക്കണം. രാഹുല്‍ നേതാക്കളെ തള്ളിയിട്ടെന്ന ആരോപണവും ജയറാം രമേഷ് തള്ളി.
Also Read: കോണ്‍ഗ്രസ്-ബിജെപി എംപിമാരുടെ സംഘർഷം; രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്‌തേക്കും