ന്യൂഡല്‍ഹി: കേര കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ ക്രിസ്‌മസ് സമ്മാനം. കൊപ്ര കിലോയ്ക്ക് പത്ത് രൂപ മുതല്‍ 42 രൂപ വരെ വര്‍ധിക്കും. കൊപ്രയ്ക്ക് താങ്ങുവില ഉയര്‍ത്തി കേന്ദ്ര മന്ത്രിസഭാ യോഗം. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതിയാണ് 2025 വര്‍ഷത്തേക്ക് കൊപ്രയ്ക്കുള്ള പുത്തന്‍ താങ്ങുവിലയ്ക്ക് അംഗീകാരം നല്‍കിയത്.
ശരാശരി നിലവാരമുള്ള മില്‍ ക്രൊപ ക്വിന്‍റലിന് 422 രൂപ വര്‍ധിപ്പിച്ച് 11582 രൂപയാക്കി താങ്ങുവില ഉയര്‍ത്തി. ഉണ്ടകൊപ്രയ്ക്ക് നൂറ് രൂപ വര്‍ധിപ്പിച്ച് ഇത് 12100 രൂപയുമാക്കി. 2014ലെ 5250, 5500 രൂപയില്‍ നിന്നാണ് ഇക്കുറിയിത് യഥാക്രമം 11582, 12100 രൂപയാക്കി ഉയര്‍ത്തിയിരിക്കുന്നത്. അതായത് 121, 120 ശതമാനമാണ് താങ്ങുവില യഥാക്രമം വര്‍ധിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഉയര്‍ന്ന താങ്ങുവില തേങ്ങ കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കുക മാത്രമല്ല മറിച്ച് ആഭ്യന്തര, രാജ്യാന്തര നാളീകേര ഉത്പന്നങ്ങളുടെ വര്‍ധിച്ച് വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.
അതേസമയം പച്ചത്തേങ്ങ വില നവംബർ മൂന്നാം വാരം 52.50 എന്ന സർവകാല റെക്കോഡിൽ എത്തിയിരുന്നു. അതിനോട് അനുബന്ധിച്ച് വെളിച്ചെണ്ണ വില 250 കടന്നിരുന്നു. (നേരത്തെ 2021ലാണ് വെളിച്ചെണ്ണ വില 250ൽ തൊട്ടത്) പിന്നീട് തേങ്ങ വില നാൽപതിലേക്ക് താഴ്ന്നു. നിലവിൽ 47 രൂപയാണ് ഒരു കിലോ പച്ചത്തേങ്ങ വില. എന്നാൽ വെളിച്ചെണ്ണ വില അഞ്ച് രൂപ കൂടുകയാണ് ചെയ്‌തത്.
മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കൊപ്ര ഉത്പാദനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. വടക്കൻ കേരളത്തിലെ പച്ച തേങ്ങ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഉത്പാദനം കുറഞ്ഞതിനാല്‍ അവര്‍ വാങ്ങിക്കൂട്ടുകയാണ്. തേങ്ങാപൗഡര്‍ ഉത്പാദന കമ്പനികളാണ് കേരളത്തില്‍ നിന്ന് കൂടിയ വിലയ്ക്കാണെങ്കിലും നാളികേരം ശേഖരിക്കുന്നത്. കേരളത്തില്‍ നേരത്തെ ഡിസംബറില്‍ത്തന്നെ നാളികേര സീസണ്‍ തുടങ്ങുമായിരുന്നു. ഇപ്പോഴത് ഫെബ്രുവരിയും കടന്നുപോകുന്നു.
നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഇന്ത്യ ലിമിറ്റഡ് (നാഫെഡ്), നാഷണല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ (എന്‍സിസിഎഫ്) എന്നിയാണ് കൊപ്ര സംഭരിക്കുന്ന കേന്ദ്ര നോഡല്‍ ഏജന്‍സികള്‍. പുതിയ താങ്ങുവില പ്രഖ്യാപനത്തിലൂടെ കേന്ദ്ര സര്‍ക്കാരിന് 855 കോടിരൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഉത്പാദനച്ചെലവിന്‍റെ 1.5 മടങ്ങ് എങ്കിലും വില ഓരോ വിളകള്‍ക്കും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് 2018-19ലെ കേന്ദ്രബജറ്റിലാണ് എല്ലാ വിളകള്‍ക്കും താങ്ങുവില പ്രഖ്യാപിക്കാനുള്ള തീരുമാനം അറിയിച്ചത്.
Also Read: റെക്കോഡിട്ട് പച്ചത്തേങ്ങ വില; കിലോയ്‌ക്ക് 51 രൂപ, കൊപ്ര വിലയിലും വന്‍ കുതിപ്പ്