ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേസെടുത്തതില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസിന്‍റെ ലോക്‌സഭാംഗം പ്രിയങ്ക ഗാന്ധി വാദ്ര രംഗത്ത്. സര്‍ക്കാരിന്‍റെ നിരാശയുടെ പ്രതീകമാണ് ഈ കേസെന്നും അവര്‍ ആരോപിച്ചു. യഥാര്‍ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. ബിആര്‍ അംബേദ്ക്കറെ അപമാനിച്ചത് രാജ്യം പൊറുക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അംബേദ്ക്കറോടുള്ള രാജ്യത്തിന്‍റെ വികാരം ബിജെപിക്ക് അറിയാം. ഈ വിഷയം ഉയര്‍ത്തുന്ന കോണ്‍ഗ്രസിനെ അത് കൊണ്ട് തന്നെ അവര്‍ ഭയക്കുന്നുവെന്നും കേന്ദ്രമന്ത്രി അമിത് ഷാ രാജ്യസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സര്‍ക്കാര്‍ എല്ലാത്തിനെയും ഭയക്കുന്നു. അദാനി വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന് പേടിയാണ്. അംബേദ്ക്കറിനെ കുറിച്ചുള്ള അവരുടെ യഥാര്‍ഥ വികാരം പുറത്ത് വന്നിരിക്കുന്നു. ഈ വിഷയം ഞങ്ങള്‍ ഉയര്‍ത്തുന്നുവെന്നത് അവരെ ഭയപ്പെടുത്തുന്നുവെന്നും ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ ശേഷം പാര്‍ലമെന്‍റ് വളപ്പില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.
'നമുക്ക് ഭരണഘടന സമ്മാനിച്ചത് അംബേദ്ക്കറാണ്. അദ്ദേഹത്തെ അപമാനിച്ചത് രാജ്യം സഹിക്കില്ല. വ്യാജ കേസുകള്‍ എടുക്കുകയാണ് നിരാശരായ സര്‍ക്കാര്‍. ആര്‍ക്കും രാഹുലിനെ തകര്‍ക്കാനാകില്ല. താന്‍ രാഹുലിന്‍റെ സഹോദരിയാണ്. തനിക്കറിയാം അയാള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന്'- പ്രിയങ്ക വ്യക്തമാക്കി.
ബിജെപി പരാതി നല്‍കി മണിക്കൂറുകള്‍ക്കം പൊലീസ് രാഹുലിനെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് നല്‍കി. പാര്‍ലമെന്‍റ് വളപ്പില്‍ നടന്ന ഉന്തിലും തള്ളിലും രാഹുല്‍ ശാരീരികമായി പരിക്കേല്‍പ്പിച്ചു എന്നതാണ് ആരോപണം.
കേസുമായി ബന്ധപ്പെട്ട് രാഹുലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ലോക്‌സഭ സെക്രട്ടറിയേറ്റിനോട് പാര്‍ലമെന്‍റ് വളപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെടും. അംബേദ്ക്കറെ അപമാനിച്ചതുമായി ബന്ധപ്പെട്ട് ഭരണപ്രതിപക്ഷ കക്ഷികള്‍ നടത്തിയ പ്രത്യേകം മാര്‍ച്ചിനിടെയാണ് പാര്‍ലമെന്‍റ് വളപ്പില്‍ സംഘര്‍ഷമുണ്ടായത്.
ഡോ. ബിആര്‍ അംബേദ്‌കറിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിക്കെതിരെ ഫയല്‍ ചെയ്‌ത കേസ് ഒരു ബഹുമതിയായി കാണുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാല്‍ നേരത്തെ പ്രതികരിച്ചിരുന്നു. അമിത് ഷായ്‌ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ വഴിതിരിച്ച് വിടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തന്ത്രമാണ് പ്രതിപക്ഷ നേതാവ് രാഹുലിനെതിരായ കേസ് എന്നും അദ്ദേഹം ആരോപിച്ചു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു കെസി വേണുഗോപാലിന്‍റെ പ്രതികരണം. രാഹുല്‍ ഗാന്ധിക്കെതിരായ എഫ്‌ഐആര്‍ ആഭ്യന്തരമന്ത്രിക്കെതിരെ പ്രതിപക്ഷം നടത്തുന്ന കടുത്ത പ്രതിഷേധങ്ങള്‍ വഴിതിരിച്ചുവിടാനുള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ല. ബാബാസാഹിബിന്‍റെ പൈതൃകത്തെ സംരക്ഷിച്ചതിന് ചുമത്തപ്പെട്ട ഈ കേസ് ബഹുമതിക്കുള്ള ബാഡ്‌ജാണ്. ബിജെപിയുടെ രാഷ്‌ട്രീയ പകപോക്കല്‍ കാരണം ഇതിനോടകം തന്നെ രാഹുല്‍ ഗാന്ധിക്കെതിരെ 26 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.