ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്‍റെ ഷെല്‍ കമ്പനികളില്‍ സെബി അധ്യക്ഷ മാധവി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്ന തങ്ങളുടെ റിപ്പോര്‍ട്ടില്‍ സെബി അധ്യക്ഷയുടെ വിശദീകരണം പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് കമ്പനി. സെബി മേധാവിയുടെ കൺസൾട്ടിങ് ക്ലയന്‍റുകളിൽ സെബി നിയന്ത്രിക്കാൻ ചുമതലപ്പെട്ടവരുണ്ടോ എന്ന് ഹിന്‍ഡന്‍ബര്‍ഗ് ചോദിച്ചു. അദാനി ഗ്രൂപ്പിലെ ഡയറക്‌ടറായ, തന്‍റെ ഭർത്താവ് ധവൽ ബുച്ചിന്‍റെ ബാല്യകാല സുഹൃത്താണ് ഓഫ്‌ഷോർ ഫണ്ട് നടത്തുന്നതെന്ന് തങ്ങള്‍ക്ക് നല്‍കിയ മറുപടിയിലൂടെ തന്നെ ബുച്ച് സ്ഥിരീകരിച്ചുവെന്നും ഹിൻഡൻബർഗ് എക്‌സില്‍ കുറിച്ചു.
'ഞങ്ങളുടെ റിപ്പോർട്ടിനോടുള്ള സെബി ചെയർപേഴ്‌സൺ മാധവി ബുച്ചിന്‍റെ പ്രതികരണത്തിൽ നിരവധി കുറ്റസമ്മതവും നിരവധി പുതിയ നിർണായക ചോദ്യങ്ങളും ഉള്‍പെട്ടിട്ടുണ്ട്. ബെർമുഡ/മൗറീഷ്യസ് കമ്പനികളില്‍ അവര്‍ നിക്ഷേപം നടത്തി എന്ന് പരസ്യമായി സ്ഥിരീകരിക്കുന്നതാണ് അവരുടെ പ്രതികരണം. ഈ പണം തന്നെയാണ് വിനോദ് അമ്പാനിയുടെ കമ്പനിയിലേക്ക് എത്തിയത്. അക്കാലത്ത് അദാനി കമ്പനിയുടെ ഡയറക്‌ടറായ, അവരുടെ ഭർത്താവിന്‍റെ ബാല്യകാല സുഹൃത്താണ് ഫണ്ട് നടത്തുന്നതെന്ന് അവര്‍ തന്നെ സമ്മതിച്ചതാണ്'- ഹിന്‍ഡന്‍ബര്‍ഗ് എക്‌സില്‍ കുറിച്ചു.
മാധവി ബുച്ച് സ്ഥാപിച്ച രണ്ട് കൺസൾട്ടിങ് കമ്പനികളും അതാര്യമായ സിംഗപ്പൂർ എന്‍റിറ്റിയും 2017-ൽ സെബിയിലേക്കുള്ള അവരുടെ നിയമനത്തിന് പിന്നാലെ പ്രവർത്തന രഹിതമായിത്തീർന്നുവെന്നും ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു. 2019 മുതൽ കമ്പനികളുടെ ചുമതല മാധവി ബുച്ചിന്‍റെ ഭർത്താവ് ഏറ്റെടുത്തു എന്നും പോസ്‌റ്റില്‍ പറയുന്നു. ഈ സ്ഥാപനം നിലവിൽ സജീവമാണെന്നും വരുമാനം ഉണ്ടാക്കുന്നുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടി.
കൂടാതെ, സിംഗപ്പൂർ രേഖകൾ പ്രകാരം 2022 മാർച്ച് 16 വരെ അഗോറ പാർട്‌ണേഴ്‌സ് സിംഗപ്പൂരിന്‍റെ 100% ഷെയർഹോൾഡറായി ബുച്ച് തുടർന്നു. നിയമനത്തിന് രണ്ട് ആഴ്‌ചയ്ക്ക് ശേഷം മാത്രമാണ് അവര്‍ തന്‍റെ ഓഹരികൾ ഭർത്താവിന്‍റെ പേരിലേക്ക് മാറ്റിയത്. സെബി അധ്യക്ഷ എന്ന നിലയിൽ, സെബിയുടെ ഹോൾ ടൈം മെമ്പറായി സേവനമനുഷ്‌ഠിക്കുമ്പോൾ ബുച്ച് തന്‍റെ സ്വകാര്യ ഇ-മെയിൽ ഉപയോഗിച്ച് ഭർത്താവിന്‍റെ പേരില്‍ ബിസിനസ് നടത്തിയെന്ന് കാണിക്കുന്ന വിസിൽ ബ്ലോവർ രേഖകളുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു.
സെബി മേധാവിയായി നിയമിക്കപ്പെടുന്നതിന് ആഴ്‌ചകൾക്ക് മുമ്പാണ് അദാനിയുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളും ധവല്‍ ബുച്ചിന്‍റെ പേരിലേക്ക് മാധവി ബുച്ച് രജിസ്റ്റർ ചെയ്‌തതെന്നും ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടി. സെബി ചെയർപേഴ്‌സൺ എന്ന ഔദ്യോഗിക പദവിയിലിരിക്കെ ഭർത്താവിന്‍റെ പേരിൽ മറ്റ് എന്തൊക്കെ നിക്ഷേപങ്ങളിലും ബിസിനസുകളിലും മാധവി ബുച്ച് പങ്കാളിയായിട്ടുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് ചോദിച്ചു.
ഓഫ്‌ഷോർ സിംഗപ്പൂർ കൺസൾട്ടിങ് സ്ഥാപനം, ഇന്ത്യൻ കൺസൾട്ടിങ് സ്ഥാപനം, മാധവി ബുച്ചിനോ അവരുടെ ഭർത്താവിനോ താത്പര്യമുള്ള മറ്റേതെങ്കിലും സ്ഥാപനം എന്നിവയിലൂടെ കൺസൾട്ടിങ് ക്ലയന്‍റുകളുടെ പൂർണ്ണ ലിസ്റ്റും ഇടപാടുകളുടെ വിശദാംശങ്ങളും പരസ്യമായി പുറത്തുവിടാന്‍ തയാറാണോ എന്നും ഹിന്‍ഡന്‍ബര്‍ഗ് ചോദിച്ചു. ഈ പ്രശ്‌നങ്ങളിൽ പൂർണ്ണ സുതാര്യമായ ഒരു അന്വേഷണം ഉണ്ടാകുമോ എന്നും ഹിന്‍ഡന്‍ബര്‍ഗ് എക്‌സിലെ പോസ്റ്റില്‍ ചോദിച്ചു.
Also Read : 'സാമ്പത്തിക ഇടപാടുകള്‍ തുറന്ന പുസ്‌തകം, ഹിൻഡൻബര്‍ഗിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം': സെബി ചെയര്‍പേഴ്‌സണ്‍