ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. 53 പേരെയാണ് മേഖലയില്‍ നിന്നും കാണാതായതെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കുളു, മാണ്ഡി, ഷിംല എന്നിവിടങ്ങളിലാണ് മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായത്.
വെള്ളപ്പൊക്കത്തിൽ 61 വീടുകൾ പൂര്‍ണമായും 42 വീടുകൾ ഭാഗികമായും തകര്‍ന്നു. രാംപൂരിനെയും സമേജിനെയും ബന്ധിക്കുന്ന റോഡ് തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. എൻഡിആർഎഫിന്‍റെയും എസ്‌ഡിആർഎഫിന്‍റെയും സംയുക്ത രക്ഷാപ്രവര്‍ത്തനം പ്രദേശത്ത് പുരോഗമിക്കുകയാണ്.
മാണ്ഡിയിലാണ് ഏറ്റവും കൂടുതൽ മരണം സംഭവിച്ചത്. അഞ്ച് പേരാണ് ഇവിടെ മരിച്ചത്. കുളുവിൽ ഒരാൾ മരിച്ചു. ഷിംലയില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെങ്കിലും 33 പേരെ കാണാതായി. 55 പേര്‍ നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
കുളുവിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി സന്ദര്‍ശനം നടത്തി. വെളളപ്പൊക്കത്തില്‍ തകര്‍ന്ന കുർപാൻ ഖാഡ് ജലവിതരണ പദ്ധതി പുനസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.