ഗുജറാത്ത് : മത്സ്യബന്ധന ബോട്ടിൽ നിന്ന് 350 കോടി രൂപയുടെ ലഹരി വസ്‌തുക്കള്‍ പിടികൂടി ഗുജറാത്ത് പൊലീസ്. ഗിർ സോമനാഥ് ജില്ലയിലെ വെരാവൽ തുറമുഖത്തിന് സമീപം വച്ചാണ് ഹെറോയില്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു. വ്യാഴാഴ്‌ച രാത്രി നടത്തിയ റെയ്‌ഡിലാണ് മാരക മയക്കുമരുന്ന് കണ്ടെടുത്തതെന്ന് അതികൃതര്‍ അറിയിച്ചു.
'രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ മത്സ്യബന്ധന ബോട്ട് വെരാവൽ തുറമുഖത്തിന് സമീപം എത്തിയപ്പോൾ ഞങ്ങള്‍ റെയ്‌ഡ് ചെയ്യുകയായിരുന്നു. അതില്‍ നിന്നും 50 കിലോ ഹെറോയിൻ കണ്ടെടുത്തു. ഇതിന്‍റെ ഉറവിടം അന്വേഷിച്ചു വരികയാണ്. വെരാവലില്‍ രജിസ്റ്റർ ചെയ്‌ത ബോട്ടിലെ ഒമ്പത് ജീവനക്കാരെ ഞങ്ങള്‍ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.'- സൂപ്രണ്ട് ഓഫ് പൊലീസ് മനോഹർസിൻഹ് ജഡേജ പറഞ്ഞു.
പിടികൂടിയ ലഹരിവസ്‌തുക്കള്‍ക്ക് അന്താരാഷ്ട്ര വിപണിയിൽ 350 കോടി രൂപ (കിലോയ്ക്ക് 7 കോടി രൂപ) വിലവരുമെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘവി പറഞ്ഞു. 'മയക്കുമരുന്നിനെതിരായ ഞങ്ങളുടെ പ്രചാരണത്തിന് മറ്റൊരു വലിയ വിജയം ഉണ്ടായിരിക്കുകയാണ്. ഗുജറാത്ത് പൊലീസ് വെരാവൽ ഹാർബറിലെ നാലിയ ഗോലി തീരത്ത് നിന്ന് സീൽ ചെയ്‌ത പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന, 350 കോടി രൂപ വിലമതിക്കുന്ന 50 കിലോ ഹെറോയിൻ പിടിച്ചെടുത്തു. മൂന്ന് പ്രധാന പ്രതികളടക്കം ഒമ്പത് പ്രതികളെ പൊലീസ് പിടികൂടി.' -സംഘവി തന്‍റെ പോസ്റ്റിൽ പറഞ്ഞു. മയക്കുമരുന്ന് വ്യാപാരത്തിനെതിരായ പ്രവർത്തനത്തിന് ഗിർ സോമനാഥ് പൊലീസിനെയും മന്ത്രി അഭിനന്ദിച്ചു.
Also Read: വഞ്ചനാക്കുറ്റത്തിന് സഹോദരനെ പിടികൂടാനെത്തി; കഞ്ചാവ് കൈവശം വച്ചതിന് ബിഗ് ബോസ് താരം പിടിയിൽ