ഗുജറാത്ത്: കനത്ത മഴ തുടരുന്ന ജാംനഗറില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 20,000 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയതായി ജില്ല കലക്‌ടര്‍ ഭവിന്‍ പാണ്ഡ്യ. നിലവിലെ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമാണ് ജില്ല ഭരണകൂടം ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാംനഗറില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് കലക്‌ടരുടെ പ്രതികരണം.
ഏതാനും ദിവസമായി ഗുജറാത്തില്‍ തുടരുന്ന കനത്ത മഴ വിവിധയിടങ്ങളില്‍ വൊള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്ന അണക്കെട്ടുകളെല്ലാം തുറന്ന് വിടുന്നത് നദികളിലെ ജലനിരപ്പ് അപകടമാംവിധം ഉയരാന്‍ കാരണമാകുന്നുണ്ട്. ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായെന്നും കലക്‌ടര്‍ വ്യക്തമാക്കി.
ദുരന്ത സാധ്യത മേഖലകളിലുള്ളവരെയെല്ലാം സൈന്യം, എൻഡിആർഎഫ്, എസ്‌ഡിആർഎഫ് എന്നിവര്‍ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റുന്നുണ്ട്. ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങളെല്ലാം കൃത്യമായി എത്തിക്കുന്നുണ്ടെന്നും കലക്‌ടര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം അഹമ്മദാബാദ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നേരിയ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
Also Read: ഗുജറാത്തില്‍ മഴക്കെടുതി രൂക്ഷം; 28 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, മഴ തുടരുമെന്ന് മുന്നറിയിപ്പ്