ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ഉഷ്‌ണതരംഗം തുടരുന്നതിനിടെ, 48 മണിക്കൂറിനുള്ളിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ്. എന്നാൽ ഇവരെല്ലാം ഉഷ്‌ണതരംഗം മൂലമാണ് മരിച്ചതെന്ന് പൊലീസും ആരോഗ്യവകുപ്പും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യാഗേറ്റിന് സമീപമുള്ള കുട്ടികളുടെ പാർക്കിൽ നിന്ന് ബുധനാഴ്‌ച 55 വയസുള്ള മധ്യവയസ്‌കൻ്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മരണകാരണം അറിയാന്‍ പോസ്റ്റ്‌മോർട്ടം നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
ജൂൺ 11 മുതൽ 19 വരെ ഉഷ്‌ണതരംഗം മൂലം ഡൽഹിയിൽ 192 മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഭവനരഹിതർക്കായി പ്രവർത്തിക്കുന്ന എൻജിഒ സെൻ്റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്‌മെൻ്റ് അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ നിരവധി മരണങ്ങളുണ്ടായി. ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക്, ഉഷ്‌ണം മൂലമുണ്ടാകുന്ന ക്ഷീണം എന്നീ സംഭവങ്ങളില്‍ രോഗികളെത്തുന്നതിൽ വർധനവുണ്ടായി.
നഗരത്തിൽ 43.6 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില രേഖപ്പെടുത്തി. ഡൽഹിയിലെ രാത്രി താപനില 35.2 ഡിഗ്രി സെൽഷ്യസായിരുന്നു. 1969 ന് ശേഷം നഗരത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഇതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കേന്ദ്രത്തിന് കീഴിലുള്ള ആർഎംഎൽ ആശുപത്രിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 22 രോഗികളാണ് ചികിത്സ തേടിയെത്തിയത്. ഇവിടെ അഞ്ച് മരണങ്ങള്‍ സംഭവിച്ചു.
നിരവധി രോഗികൾ വെൻ്റിലേറ്ററിൽ തുടരുകയാണ്. സഫ്‌ദർജംഗ് ഹോസ്‌പിറ്റലിൽ ഇത്തരത്തില്‍ 60 കേസുകളുണ്ട്. എൽഎൻജെപി ആശുപത്രിയിൽ രണ്ട് ദിവസത്തിനുള്ളിൽ നാല് രോഗികൾ ഹീറ്റ് സ്ട്രോക്ക് മൂലം മരിക്കുകയുണ്ടായി. നിർജലീകരണം കാരണമാണ് ആളുകൾ കുഴഞ്ഞുവീഴുന്നത്. അവർക്ക് പിന്നീട് ശക്‌തമായ പനി അനുഭവപ്പെടുന്നു. ഇത് ശരീര താപനില 106 മുതൽ 107 ഡിഗ്രി വരെയാക്കുന്നു.
Also Read: ഡൽഹിയിൽ അതിശക്തമായ ഉഷ്‌ണ തരംഗം; രണ്ട് ദിവസത്തിനുള്ളിൽ 5 മരണം