ബെംഗളൂരു : കർണാടകയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ വൈകിപ്പിക്കുന്ന കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമി. 'അന്താരാഷ്‌ട്ര ജനാധിപത്യ ദിനം' പ്രമാണിച്ച് ഞായറാഴ്‌ച (സെപ്‌റ്റംബർ 15) കർണാടക സർക്കാർ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയെ പരിഹസിച്ച അദ്ദേഹം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങൾ പ്രചരണത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നാണെന്നും വിമർശിച്ചു.
'മനുഷ്യക്ഷേമം പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തിൽ നിങ്ങൾ ഒരു മനുഷ്യച്ചങ്ങല ഉണ്ടാക്കി. എന്നാൽ ജനങ്ങളെ കുറിച്ചോ ജനാധിപത്യത്തെ കുറിച്ചോ ഐഎൻസി കർണാടക സർക്കാരിന് ഒരു ആശങ്കയും ഇല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ അവർ ആദ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമായിരുന്നു. അധികാരത്തിൽ വന്നതിന് ശേഷം അവർ അടിസ്ഥാനപരമായ തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. എന്തുകൊണ്ട്? നിങ്ങൾ അധികാരത്തിൽ വന്നത് കൊണ്ട് പ്രാദേശിക സർക്കാരുകളെ അവഗണിക്കണമെന്നാണോ അതിനർഥം' -കുമാരസ്വാമി എക്‌സിൽ കുറിച്ചു.
'സിദ്ധരാമയ്യ സർക്കാർ അധികാരത്തിൽ വന്നിട്ട് ഒരു വർഷവും നാല് മാസവും പിന്നിട്ടിരിക്കുകയാണ്. എന്നിട്ടും സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. നിങ്ങളുടെ (സിദ്ധരാമയ്യ) ജനാധിപത്യവും ജനാഭിമുഖ്യമുള്ള സമീപനവും പരസ്യങ്ങളിൽ മാത്രം തിളങ്ങുന്നതായി തോന്നുന്നു. യഥാർഥ ഭരണത്തേക്കാൾ നിങ്ങളുടെ പ്രവർത്തനങ്ങൾ പ്രചരണത്തിനായി മാത്രമാണ് ഉപയോഗിക്കുന്നത്' എന്നും കുമാരസ്വാമി പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിയോജിപ്പുള്ള ശക്തികളെ അടിച്ചമർത്തുന്നത് ഡോ. ബാബാസാഹെബ് അംബേദ്‌കറുടെ തത്വങ്ങളോടുള്ള വഞ്ചനയാണോ? ജനാധിപത്യം സംരക്ഷിക്കാനാകുമോ? മനുഷ്യച്ചങ്ങലയിലൂടെ നികുതിദായകരുടെ പണം ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യത്തിന് അലങ്കാരമാണോ? എന്നദ്ദേഹം ചോദിച്ചു. ആദ്യം തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. യഥാർഥ ജനാധിപത്യ ശൃംഖല ശക്തിപ്പെടുത്തുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമത്വം, ഐക്യം, സാഹോദര്യം, പങ്കാളിത്ത ഭരണം എന്നിവയുടെ പ്രതീകമായി 2,500 കിലോമീറ്റർ നീളമുള്ള ചരിത്രപ്രധാനമായ മനുഷ്യച്ചങ്ങല രൂപീകരിച്ച് കർണാടക ഞായറാഴ്‌ച അന്താരാഷ്ട്ര ജനാധിപത്യ ദിനം ആചരിച്ചിരുന്നു. നിത്യജീവിതത്തിൽ ഭരണഘടന ഉയർത്തിപ്പിടിച്ച ബഹുസ്വരതയാണ് ആഘോഷിക്കപ്പെടുന്നത് എന്ന് മനുഷ്യച്ചങ്ങല ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
1949 നവംബർ 25ന് ഡോ. ബിആർ അംബേദ്‌കറുടെ പ്രസംഗത്തെ പരാമർശിച്ച്, സാമ്പത്തികവും സാമൂഹികവുമായ ജനാധിപത്യം കൈവരിച്ചാലേ യഥാർഥ രാഷ്ട്രീയ സ്വാതന്ത്ര്യം അർഥവത്താകൂവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ അസമത്വം നിലനിൽക്കുന്നിടത്തോളം രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് യഥാർഥ പ്രാധാന്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: കേന്ദ്ര സർക്കാരിൻ്റെ അന്യായമായ ഫണ്ട് വിഭജനം; 8 മുഖ്യമന്ത്രിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കർണാടക