യമുനാനഗർ (ഹരിയാന) : പാലം എന്ന തങ്ങളുടെ ദീർഘകാല ആവശ്യം പൂർത്തീകരിക്കാത്തതിനാൽ ഹരിയാനയിലെ യമുനാനഗർ ജില്ലയിലെ തപു മജ്രി ഗ്രാമത്തിലെ 500 ഓളം വോട്ടർമാർ ഇന്ന് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. അംബാല ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് യമുനാനഗറിലെ തപു മജ്രി ഗ്രാമം. ഇവിടുത്തെ പോളിങ് ബൂത്തിൽ ഒരു വോട്ടുപോലും രേഖപ്പെടുത്തിയിട്ടില്ല.
ഇന്ന് വോട്ടെടുപ്പ് നടന്നത് അംബാല ഉൾപ്പെടുന്ന 10 സീറ്റുകളിലാണ്. യമുന നദിയിൽ പാലം പണിയണമെന്ന തങ്ങളുടെ ദീർഘകാല ആവശ്യം ഉന്നയിച്ച് ജില്ല ഡെപ്യൂട്ടി കമ്മിഷണർക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിവേദനം നൽകിയതായും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തെക്കുറിച്ച് അറിയിച്ചതായും ഗ്രാമവാസികൾ പറഞ്ഞു.
ഇത്തവണ പാർട്ടികളൊന്നും ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ലെന്ന് വോട്ടർമാർ പറഞ്ഞു. യമുനാനഗറിലെത്തണമെങ്കിൽ ഉത്തർപ്രദേശിൽ നിന്ന് 40 മുതൽ 45 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടതിനാൽ പതിറ്റാണ്ടുകളായി തങ്ങൾ പാലം ആവശ്യപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പാലം പണിതാൽ സഞ്ചരിക്കാനുള്ള ദൂരം എട്ട് കിലോമീറ്ററായി കുറയുമെന്നും അവർ പറഞ്ഞു.
ഗ്രാമത്തിൽ ഒരു മിഡിൽ സ്‌കൂൾ മാത്രമേയുള്ളൂവെന്നും ഉത്തർപ്രദേശിലെ സ്‌കൂളുകളിൽ പഠിക്കാനോ 40 മുതൽ 45 കിലോമീറ്റർ അകലെ മറ്റേതെങ്കിലും പ്രദേശത്തേക്ക് പോകാനോ കുട്ടികൾ നിർബന്ധിതരാവുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ആർക്കെങ്കിലും അസുഖം വന്നാൽ, ആശുപത്രിയിൽ എത്തുക എന്നതും പ്രയാസമാണെന്ന് അവർ കൂട്ടിച്ചേർത്തു.
എല്ലാ തെരഞ്ഞെടുപ്പുകളിലും രാഷ്‌ട്രീയക്കാർ ഇവിടെയെത്തി പാലം പണിയുമെന്ന് ഉറപ്പ് നൽകാറുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ഗ്രാമവാസിയായ അശോകൻ പറഞ്ഞു. അതുകൊണ്ടാണ് ഇത്തവണ വോട്ട് വേണ്ടെന്നും പാലം പണിയുന്നതുവരെ ഗ്രാമത്തിലെ ജനങ്ങൾ ഒരു തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യില്ലെന്നും തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.