ജിന്ദ്/ചണ്ഡിഗഢ് (ഹരിയാന): കോണ്‍ഗ്രസ് ടിക്കറ്റ് ലഭിച്ചതിന് പിന്നാലെ ഗുസ്‌തിതാരം വിനേഷ് ഫോഗട്ട് ജിന്ദ് ജില്ലയിലെ ജുലാന നിയമസഭ മണ്ഡലത്തിലെത്തി പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഖാപ് പഞ്ചായത്തും നാട്ടുകാരും ഊഷ്‌മള സ്വീകരണമാണ് മുപ്പതുകാരിയായ വിനേഷിന് ഒരുക്കിയത്. ഗുസ്‌തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരണ്‍ സിങ് നടത്തിയ പരാമര്‍ശങ്ങളോട് കടുത്ത ഭാഷയില്‍ വിനേഷ് പ്രതികരിച്ചു.
ബ്രിജ് ഭൂഷണ്‍ എന്നാല്‍ രാജ്യമല്ല. എന്‍റെ രാജ്യം എനിക്കൊപ്പമുണ്ടാകും. എന്‍റെ പ്രിയപ്പെട്ടവര്‍ എനിക്കൊപ്പമുണ്ട്. അവരാണ് എനിക്ക് വലുത്. ബ്രിജ് ഭൂഷണ്‍ എന്നെ സംബന്ധിച്ചിടത്തോളം യാതൊരു പ്രാധാന്യവുമില്ലാത്ത വ്യക്തിയാണ്. എന്നോടൊപ്പം നില്‍ക്കുന്ന ജനങ്ങളുടെ അനുഗ്രഹത്തോടെ ഈ പോരാട്ടം താന്‍ വിജയിക്കുമെന്നും ഫോഗട്ട് പറഞ്ഞു.
തനിക്കെതിരെ വനിത ഗുസ്‌തി താരങ്ങള്‍ ഉയര്‍ത്തിയ ലൈംഗിക ആരോപണങ്ങളില്‍ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്ന് വിനേഷിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തോടെ വ്യക്തമായിരിക്കുന്നുവെന്നാണ് ബ്രിജ് ഭൂഷണ്‍ ആരോപിച്ചത്. പിന്നീട് നടന്ന പ്രതിഷേധങ്ങളിലും ഗൂഢാലോചനയുണ്ടെന്ന് ബ്രിജ് ഭൂഷണ്‍ ആരോപിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
തന്‍റെ പ്രചാരണത്തിന് എത്തുന്നവര്‍ കേവലം കാഴ്‌ചക്കാരല്ല, മറിച്ച് തന്‍റെ സ്വന്തക്കാരാണെന്നും വിനേഷ് അവകാശപ്പെട്ടു. ഇതൊരു പുതുജീവിതത്തിനായുള്ള പോരാട്ടമാണ്. അവരുടെ അനുഗ്രഹത്തോടെ ഈ പോരാട്ടത്തെയും അതിജീവിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്‍റെ രാജി റെയില്‍വേ സ്വീകരിച്ചതോടെ ഇനി നിയമപരമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും വിനേഷ് വ്യക്തമാക്കി.
ദേശീയതലത്തില്‍ വിജയകരമായി മത്സരിച്ചാണ് താന്‍ യോഗ്യത തെളിയിച്ചതെന്ന് ബ്രിജ് ഭൂഷന്‍റെ പരാമര്‍ശത്തിന് ഫോഗട്ട് മറുപടി നല്‍കി. ഒളിമ്പിക്‌സിനെ സംബന്ധിച്ച് ബ്രിജ് ഭൂഷണ്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ ആര് ചെവിക്കൊള്ളുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദിവസം രാജ്യം നല്‍കിയ സ്‌നേഹത്തില്‍ തന്നെ മെഡല്‍ നേടാനാകാതെ പോയ സങ്കടം അവസാനിച്ചു. എല്ലാ വേദനകളും അതോടെ ഇല്ലാതായെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് വിനേഷ് ഫോഗട്ടും ഗുസ്‌തിതാരം ബജ്റങ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം തന്നെ അവര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വവും കിട്ടി. അതേസമയം ബജ്റങ് പൂനിയയെ അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായാണ് നിയമിച്ചിരിക്കുന്നത്.
താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നന്ദി പറയുന്നുവെന്ന് വിനേഷ് വ്യക്തമാക്കി. തനിക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയതിന് മാത്രമല്ല ഗുസ്‌തിതാരങ്ങള്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചപ്പോള്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ നേരിട്ടെത്തി നല്‍കിയ പിന്തുണയ്ക്ക് കൂടിയാണ് തന്‍റെ നന്ദി പ്രകടനമെന്നും അവര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും താന്‍ ഏറെ അംഗീകരിക്കുന്ന ഒരു നേതാവാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജനങ്ങളെ നേരില്‍ കണ്ട് അവരുടെ വേദനകള്‍ തൊട്ടറിയാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടെന്നും വിനേഷ് പറഞ്ഞു.
അതേസമയം അനാവശ്യമായി ഗുസ്‌തിതാരങ്ങളുടെ വിഷയത്തില്‍ ഇടപെട്ട് വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് ബിജെപി ബ്രിജ് ഭൂഷണ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.