ന്യൂഡല്‍ഹി : ഗ്യാൻവാപി മസ്‌ജിദില്‍ പൂജയ്‌ക്ക് അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ മസ്‌ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി (Gyanvapi Committee's Plea). ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മസ്‌ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് അറിയിച്ചത്. മസ്‌ജിദില്‍ പൂജയ്‌ക്ക് അനുമതി നല്‍കിയ വാരണാസി ജില്ല കോടതിയുടെ വിധി കഴിഞ്ഞ ദിവസമായിരുന്നു അലഹബാദ് ഹൈക്കോടതി ശരിവച്ചത്.
പള്ളിയില്‍ പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്‍റെ ആവശ്യവും നേരത്തെ ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ധൃതിപിടിച്ചുള്ള ഉത്തരവാണ് നടപ്പാക്കിയതെന്നും പൂജയ്‌ക്ക് ഇടക്കാല സ്റ്റേ നല്‍കണമെന്നും മസ്‌ജിദ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ അനുകൂല വിധി ലഭിക്കാതെ വന്നതോടെയായിരുന്നു മസ്‌ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.
ഗ്യാൻവാപി മസ്‌ജിദില്‍ പൂജയ്‌ക്ക് അനുമതി നല്‍കണം എന്ന ആവശ്യം ഉന്നയിച്ച് നാല് സ്ത്രീകളായിരുന്നു വാരണാസി ജില്ല കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ വിരമിക്കുന്നതിന് മുന്‍പായിരുന്നു ജില്ല ജഡ്‌ജി എകെ വിശ്വേശ ഹിന്ദു വിഭാഗത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. തര്‍ക്കസ്ഥലത്തെ നിലവറയിലേക്കുള്ള പ്രവേശനം തടയുന്ന വേലികള്‍ ഉള്‍പ്പടെ ഏഴ് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നായിരുന്നു ജില്ല കോടതിയുടെ വിധി.
Read More : 'ഗ്യാന്‍വാപിയില്‍ പൂജ തുടരാം' ; വാരണാസി കോടതി വിധി ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി
ഇവിടെ, വിശ്വനാഥ ക്ഷേത്രത്തിലെ പുരോഹിതര്‍ പൂജ നടത്തണമെന്നും ജില്ല ജഡ്‌ജി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ, മസ്‌ജിദില്‍ പൂജയ്‌ക്ക് അനുമതി നല്‍കിയ ജഡ്‌ജി വിശ്വേശയെ വിരമിച്ച ശേഷം ലഖ്‌നൗവിലുള്ള ശകുന്തള മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ യൂണിവേഴ്‌സിറ്റിയുടെ ഓംബുഡ്‌സ്‌മാനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമിച്ചിരുന്നു.