ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ചൊവ്വാഴ്‌ച (ജൂലൈ 16) നിതി ആയോഗ് പുനഃസംഘടിപ്പിച്ചു. എന്‍ഡിഎ സഖ്യകക്ഷികളില്‍ നിന്നുള്ള നാല് മുഴുവൻ സമയ അംഗങ്ങളും, 15 കേന്ദ്രമന്ത്രിമാര്‍ എക്‌സ് - ഓഫീഷ്യോ അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും ആയാണ് നിതി ആയോഗിന്‍റെ പുതിയ ഘടന.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിതി ആയോഗിന്‍റെ ചെയർപേഴ്‌സണായി തുടരും, വൈസ് ചെയർമാൻ, മുഴുവൻ സമയ അംഗങ്ങൾ എന്നിവയിൽ മാറ്റമില്ല. കൃഷി, കർഷക ക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാനാണ് പുതിയ എക്‌സ് ഒഫീഷ്യോ അംഗം, അതേസമയം ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നദ്ദ, ഘനവ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമി എന്നിവരാണ് പ്രത്യേക ക്ഷണിതാക്കൾ.
കേന്ദ്ര ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി ജിതൻ റാം മാഞ്ചി, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിങ്, സിവിൽ ഏവിയേഷൻ മന്ത്രി കെ ആർ നായിഡു, ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി ചിരാഗ് പസ്വാൻ എന്നിവരും പ്രത്യേക ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു. എൻഡിഎ സർക്കാരിലെ സഖ്യകക്ഷികളാണ് കുമാരസ്വാമി (ജെഡി-എസ്), മാഞ്ചി (ഹിന്ദുസ്ഥാൻ അവാം മോർച്ച-എസ്), രാജീവ് രഞ്ജൻ സിങ് (ജെഡി-യു), പസ്വാൻ (എൽജെപി-രാം വിലാസ്) എന്നിവർ.
നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യയുടെ (NITI Aayog) പരിഷ്‌കരിച്ച ഘടനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരും എക്‌സ് ഒഫീഷ്യോ അംഗങ്ങളിൽ ഉൾപ്പെടുന്നു.
Also Read: സുസ്ഥിര വികസനത്തില്‍ കേരളം തന്നെ മുന്നില്‍; നിതി ആയോഗിന്‍റെ റിപ്പോര്‍ട്ട്