ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ മധു വിഹാർ ഏരിയയില്‍ സിവിൽ അതോറിറ്റിയുടെ കീഴിലുള്ള പാർക്കിംഗ് സ്ഥലത്ത് ബുധനാഴ്‌ചയുണ്ടായ തീപിടിത്തത്തിൽ 17 കാറുകൾ കത്തിനശിച്ചു. പുലർച്ചെ 1.17ന് റിപ്പോർട്ട് ചെയ്‌ത സംഭവത്തിൽ ആർക്കും പരിക്കില്ല. ഒമ്പത് ഫയർ ടെൻഡറുകൾ എത്തി നാല് മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയതായി ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പാർക്കിംഗ് സ്ഥലത്ത് വാടക നല്‍കി വാഹനങ്ങൾ പാർക്ക് ചെയ്‌തിരുന്ന ആളുകളുടെ കാറുകളാണ് കത്തി നശിച്ചത്. ഒരു എസ്‌യുവി ഉൾപ്പെടെ 17 കാറുകൾ തീപിടിത്തത്തിൽ നശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചില വാഹനങ്ങൾ കേടുപാടുകൾ കൂടാതെ രക്ഷിക്കാൻ കഴിഞ്ഞു. സംഭവത്തിൽ ആര്‍ക്കും പരിക്കില്ലെന്നും ഡിഎഫ്എസ് ഓഫീസർ യശ്വന്ത് മീണ അറിയിച്ചു.
പാർക്കിംഗ് ലോട്ടിലെ കുറ്റിക്കാട്ടിൽ നിന്ന് തീ പടർന്നതാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസ് രജിസ്‌റ്റർ ചെയ്‌ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വടക്കൻ ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ ബുധനാഴ്‌ചയുണ്ടായ തീപിടിത്തത്തിൽ അഞ്ച് കടകൾക്ക് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. ഫത്തേപുരി മസ്‌ജിദിന് സമീപമുള്ള തീപിടിത്തത്തെക്കുറിച്ച് പുലർച്ചെ 3.12 നാണ് കോൾ ലഭിച്ചതെന്നും പുലർച്ചെ അഞ്ച് മണിയോടെ തീ അണച്ചെന്നും ഡിഎഫ്എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ALSO READ: മധ്യപ്രദേശില്‍ കൂട്ടക്കൊല; കുടുംബത്തിലെ 8 പേരെ വെട്ടിക്കൊലപ്പെടുത്തി, പ്രതി ആത്മഹത്യ ചെയ്‌തു