ന്യൂഡൽഹി : വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് പാർലമെൻ്റ് മന്ദിരത്തിൽ പ്രവേശിക്കാൻ ശ്രമിച്ച മൂന്ന് പേർക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. പാർലമെൻ്റ് മന്ദിരത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ തിരിച്ചറിയൽ കാർഡ് കാണിച്ചപ്പോഴാണ് മൂവരും പിടിയിലാവുന്നത്. മോനിസ്, കാസിം, സോയബ് എന്നിവരാണ് പിടിയിലായത്. മെയ് നാലിന് ഉച്ചയ്ക്കാണ് സംഭവം.
പിടിയിലായ മോനിസിന്‍റെയും കാസിമിന്‍റെയും ആധാർ കാർഡിൽ ഒരേ നമ്പറും വ്യക്തിഗത ഫോട്ടോയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂവരും കരാർ ജോലിക്കാരാണ്. ഉത്തർപ്രദേശിലെ അംറോഹ സ്വദേശിയായ മോനിസിന്‍റെ ആധാർ കാർഡിലെ അതേ നമ്പറിലാണ് കാസിമിന്‍റെ ആധാർ കാർഡുമുള്ളത്. എന്നാൽ ആധാർ കാർഡിലെ ഫോട്ടോ രണ്ടു പേരുടേതും ശരിയായാണ് നൽകിയിരിക്കുന്നത്.
സോയബിന്‍റെ ആധാർ കാർഡിൽ ഉത്തർപ്രദേശിലെ ഹാപൂർ സ്വദേശിയാണെന്നാണ് കാണിച്ചിരുക്കുന്നത്. കാർഡുകൾ വ്യാജമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മൂന്ന് പേർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 419 (ആൾമാറാട്ടത്തിലൂടെയുള്ള വഞ്ചന), 465 (വ്യാജരേഖ ചമയ്ക്കൽ), 468 (വഞ്ചനയ്‌ക്കായി വ്യാജ രേഖകൾ ഉപയോഗിക്കൽ), 471 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ ഫയൽ ചെയ്‌തത്.
Also Read: കുട്ടികള്‍ക്കായി 'ബ്ലൂ ആധാര്‍' ; എന്താണ് ബാല്‍ ആധാര്‍, അപേക്ഷിക്കേണ്ടത് എങ്ങനെ ?