ന്യൂഡൽഹി: ആൺകുഞ്ഞിനെ ആഗ്രഹിച്ച് ഇരട്ട പെൺകുഞ്ഞുങ്ങൾ ജനിച്ചതിന്‍റെ നിരാശയിൽ പിതാവ് നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയതായി ആരോപണം. ഡൽഹിയിലാണ് സംഭവം. ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം കൊലപാതകമാണെന്ന് അമ്മ പൂജയ്‌ക്ക് മനസിലായതോടെയാണ് സംഭവം പുറത്തറിയുന്നത്. കൊലപാതകത്തെ തുടർന്ന് ഒളിവിൽ പോയ പിതാവ് നീരജ് സോളങ്കിക്കും കുടുംബത്തിനുമായി തെരച്ചിൽ തുടരുകയാണ്.
തന്‍റെ രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവ് കൊന്നതാണെന്ന് മനസിലാക്കിയ യുവതി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. കൃത്യം നടന്ന് 20 ദിവസങ്ങൾക്ക് ശേഷമാണ് യുവതിക്ക് മരണം കൊലപാതകമാണെന്ന് മനസിലായത്. തുടർന്ന് യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ വിവരം അറിയിച്ചു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവ് ഒളിവിൽ കഴിയുകയാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. അതേസമയം പോസ്റ്റ്‌മോർട്ടത്തിന്‍റെ ഫലം വന്നതിന് ശേഷമെ സംഭവം കൊലപാതകമാണോ എന്നതിൽ വ്യക്തത വരുത്താനാകൂവെന്ന് പൊലീസ് പറഞ്ഞു.
2022ലാണ് ഇരുവരും വിവാഹം ചെയ്‌തത്. വിവാഹ ശേഷം സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവും ഭർതൃ മാതാപിതാക്കളും തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് യുവതി പറഞ്ഞു. ഗർഭിണിയായതിന് ശേഷം സ്വന്തം വീട്ടിലേക്ക് പോയ പൂജ സ്വകാര്യ ആശുപത്രിയിലാണ് ഇരട്ട പെൺകുട്ടികളെ പ്രസവിച്ചത്. തുടർന്ന് കുഞ്ഞുങ്ങളെ കാണാനെന്ന പേരിൽ എത്തിയ നീരജ് പെൺകുഞ്ഞുങ്ങളുമായി ആശുപത്രി വിട്ടതായി യുവതി പരാതിയിൽ പറയുന്നത്. തുടർന്ന് ഗ്രാമത്തിലെ ശ്‌മശാനത്തിൽ കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയെന്നാണ് പൂജയുടെ ആരോപണം. ഒളിവിൽ കഴിയുന്ന നീരജിനും കുടുംബത്തിനുമായി അന്വേഷണം പുരോഗമിക്കുകയാണ്.