ചണ്ഡീഗഡ് : വിളകൾക്ക് മിനിമം താങ്ങുവില നൽകുക, സ്വാമിനാഥൻ റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബ്-ഹരിയാന അതിർത്തികളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം 20ാം ദിവസത്തിലേക്ക് (The Decision On The Delhi March Will Be Taken Today After Shubkaran Singh Last Prayer). സമരത്തിനിടെ മരിച്ച കർഷകൻ ശുഭ്‌കരണ്‍ സിങ്ങിന്‍റെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ഡൽഹി ചലോ മാർച്ചിനെ കുറിച്ചുള്ള തുടർനടപടികൾ കർഷക നേതാക്കൾ ഇന്ന് പ്രഖ്യാപിച്ചേക്കും. അതേസമയം സമരത്തിൻ്റെ 19-ാം ദിവസം പഞ്ചാബിലെ കലാകാരന്മാർ കർഷകർക്ക് പിന്തുണ നൽകിയിരുന്നു.
ശുഭ്‌കരണിനായുളള പ്രാർഥന: കർഷകനായ ശുഭ്‌കരണ്‍ സിങ്ങിന്‍റെ മരണത്തെ തുടർന്ന് അദ്ദേഹത്തിനായുളള അവസാന പ്രാർഥന ഇന്ന് ബട്ടിൻഡയിലെ ബല്ലോ ഗ്രാമത്തിൽ അർപ്പിക്കും. കൂടുതൽ കർഷകരോട് ബല്ലോ ഗ്രാമത്തിലെത്താൻ കർഷക നേതാവ് സർവാൻ സിങ് പന്ദർ അഭ്യർഥിച്ചിട്ടുണ്ട്.
അതേസമയം ഖനൂരി അതിർത്തിയിൽവച്ച് ഫെബ്രുവരി 21 നായിരുന്നു ശുഭ്‌കരണ്‍ സിങ് കൊല്ലപ്പെട്ടത്. യുവകർഷകന്‍റെ മരണത്തെത്തുടർന്ന് കർഷകർ ഫെബ്രുവരി 29 വരെ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാനുള്ള തീരുമാനം മാറ്റിവച്ചിരുന്നു. ശുഭകരണിന്‍റെ മരണശേഷം കർഷകർ പഞ്ചാബ് ഹരിയാന അതിർത്തികളിൽ തുടരുകയാണ്.
കാലാവസ്ഥ പ്രതികൂലം : എംഎസ്‌പിക്കും മറ്റ് ആവശ്യങ്ങൾക്കുമായി കർഷകർ പഞ്ചാബിൻ്റെയും ഹരിയാനയുടെയും അതിർത്തികളിൽ സമരം തുടരുകയാണ്. കാലാവസ്ഥ സമരത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ കർഷകർ ട്രാക്‌ടർ ട്രോളികൾ അഭയകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്.
കർഷകരുടെ നിത്യോപയോഗ സാധനങ്ങളെല്ലാം ട്രോളികളിൽ സജ്ജീകരിച്ചിരിക്കുകയാണ്. കിടക്കകൾ, എസി, ചാർജിംഗ് സ്ലോട്ടുകൾ, അടുക്കള സജ്ജീകരണം എന്നിവ ട്രോളികളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതു കൂടാതെ സമീപത്തുള്ള ആളുകൾ കർഷകർക്ക് ഭക്ഷണം കഴിക്കാൻ ലങ്കാറും ക്രമീകരിക്കുന്നുണ്ട്.
പ്രക്ഷോഭം ഇതുവരെ : ഫെബ്രുവരി 13 ന് ഡൽഹിയിലേക്ക് മാർച്ച് ചെയ്‌ത ആയിരക്കണക്കിന് കർഷകരെ ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞിരിക്കുകയാണ്. കർഷകരും സുരക്ഷ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും തുടർന്ന് നിരവധി കർഷകർ കൊല്ലപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
അന്നുമുതൽ ഹരിയാന-പഞ്ചാബിൻ്റെ ശംഭു, ഖനൂരി അതിർത്തികളിൽ കർഷകർ ക്യാമ്പ് ചെയ്യുകയാണ്. കർഷകരെ തടയാൻ ഹരിയാന പൊലീസ് അതിർത്തിയിൽ നിരവധി ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.