ന്യൂഡല്‍ഹി : കര്‍ഷകര്‍ പ്രക്ഷോഭം കടുപ്പിച്ചതോടെ ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ കനത്ത സുരക്ഷയൊരുക്കി പൊലീസ്. തിക്രി, സിംഗു, ഗാസിപൂർ അതിര്‍ത്തികളിലാണ് അതീവ സുരക്ഷയൊരുക്കിയത്. പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കര്‍ഷക സംഘടകളായ കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ചയും രാജ്യത്തുടനീളമുള്ള കര്‍ഷകരോട് സമരം കടുപ്പിക്കാനായി ഇന്ന് (മാര്‍ച്ച് 6) രാവിലെ ഡല്‍ഹിയിലെത്താന്‍ ആഹ്വാനം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തി മേഖലകളില്‍ കനത്ത സുരക്ഷയൊരുക്കിയത്.
ക്രമസമാധാന നില കണക്കിലെടുത്ത് ഡല്‍ഹിയില്‍ 144 ഏര്‍പ്പെടുത്തി. ഇതിന് പുറമെ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുള്ള റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലും സുരക്ഷ കര്‍ശനമാക്കി. അതിര്‍ത്തി മേഖലകളില്‍ വാഹന പരിശോധനയും തുടരുന്നുണ്ട്.
സംഘടനകളുടെ ആഹ്വാന പ്രകാരം പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കര്‍ഷകരെത്തിയതോടെ ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടു. തിക്രി, സിംഗു, ഗാസിപൂർ എന്നിവിടങ്ങളില്‍ തങ്ങള്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. സൂക്ഷ്‌മ പരിശോധന നടക്കുന്നുണ്ടെങ്കിലും അതിര്‍ത്തികള്‍ അടച്ചിട്ടില്ല. കൂടുതല്‍ ജനങ്ങളെത്താന്‍ സാധ്യതയുള്ള ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജിമ്മി ചിറാം പറഞ്ഞു. കര്‍ഷകര്‍ പ്രക്ഷോഭം കടുപ്പിക്കുന്ന സാഹചര്യത്തില്‍ പൊലീസ് സ്ഥിതിഗതികള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ട്രെയിന്‍, ബസ് എന്നിവയാണ് കര്‍ഷകര്‍ കൂടുതലായും ഡല്‍ഹിയിലെത്താന്‍ തെരഞ്ഞെടുക്കുക. അതുകൊണ്ടാണ് റെയില്‍വേ, മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പൊലീസിനെയും അര്‍ധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചതെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. ഡല്‍ഹിയില്‍ കര്‍ഷകരെ കൂട്ടം കൂടാന്‍ സമ്മതിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.
വിളകള്‍ക്ക് മിനിമം താങ്ങുവില നല്‍കണം എന്നതടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള കര്‍ഷകരുടെ പ്രക്ഷോഭം മാര്‍ച്ച് 10ന് വീണ്ടും കടുപ്പിക്കും. കർഷക നേതാക്കളായ സർവാൻ സിങ് പന്ദറും ജഗ്‌ജിത് സിങ് ദല്ലേവാളുമാണ് മാര്‍ച്ച് 10ന് രാജ്യവ്യാപകമായി 4 മണിക്കൂര്‍ റെയില്‍ രോക്കോ (rail roko) പ്രക്ഷോഭത്തിന് ആഹ്വാനം നടത്തിയത്. അതേസമയം യുണൈറ്റഡ് കിസാൻ മോർച്ച (എസ്‌കെഎം) മാര്‍ച്ച് 14ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടക്കാനിരിക്കുന്ന മഹാപഞ്ചായത്തിന്‍റെ രൂപരേഖ തയ്യാറാക്കി. കിസാൻ-മസ്‌ദൂർ മഹാപഞ്ചായത്ത് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലേക്ക് രാജ്യമെമ്പാടുമുള്ള കർഷകർ എത്തുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.
കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ വിഫലം: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാത്ത ചര്‍ച്ചകള്‍ വിഫലമായി. മൂന്ന് കേന്ദ്ര മന്ത്രിമാരാണ് അവസാനമായി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയ്‌ക്കെത്തിയത്. ചെറുപയര്‍, ഉലുവ, തുവരപ്പരിപ്പ്, ചോളം, പരുത്തി എന്നിവ കര്‍ഷകരില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് എംഎസ്‌പി (Minimum Support Price -MSP) നിരക്കിൽ കേന്ദ്ര ഏജൻസികൾ വഴി വാങ്ങാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും കര്‍ഷകര്‍ അത് അംഗീകരിക്കാതെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.