ചണ്ഡീഗഡ് : കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. പഞ്ചാബിലെ ബതിന്‍ഡ ജില്ലയിലെ അമര്‍ഗഡ് ഗ്രാമത്തില്‍ നിന്നുള്ള ദര്‍ശന്‍ സിങ്ങാണ് മരിച്ചത്. 62 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
ഫെബ്രുവരി 13 മുതല്‍ ഇദ്ദേഹം ഖനൗരി അതിര്‍ത്തിയില്‍ പ്രതിഷേധിച്ചുവരികയായിരുന്നു. ഖനൗരി അതിർത്തിയിൽ സമരത്തിന്‍റെ അദ്യ ദിനം മുതൽ ദർശൻ സിങ് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പൊലീസിന്‍റെ ഗ്രനേഡ് പ്രയോഗത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നുവെന്നാണ് വിവരം. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കര്‍ഷക മാര്‍ച്ചിനിടെ പൊലീസിന്‍റെ കണ്ണീർ വാതക പ്രയോഗം മൂലം ആരോഗ്യനില വഷളാകുകയും തുടര്‍ന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇന്നലെ (22-02-2024) രാത്രിയാണ് ദര്‍ശന്‍ സിങ്ങിന്‍റെ മരണം സ്ഥിരീകരിച്ചത് (Another Farmer Died On The Khanuri Border).
ഏകദേശം 8 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്‌ത് വരികയായിരുന്ന ദര്‍ശന്‍ സിങ്ങിന് 8 ലക്ഷം രൂപ കടബാധ്യതയുണ്ടായിരുന്നു. ഈയടുത്ത് ഇദ്ദേഹത്തിന്‍റെ മകന്‍റെ വിവാഹം നിശ്ചയിച്ചിരുന്നു. കര്‍ഷകന്‍റെ കടബാധ്യത പരിഹരിക്കാനും വിവാഹ ആവശ്യത്തിനുമായി സിങ്ങിന്‍റെ കുടുംബത്തിന് തങ്ങളാല്‍ കഴിയുന്ന തുക കൈമാറുമെന്ന് കര്‍ഷക സംഘടനയായ ബികെയു ഏക്താ സിദ്ധുപൂര്‍ അറിയിച്ചു.
കര്‍ഷക സമരത്തിനിടെ മരിക്കുന്ന അഞ്ചാമത്തെ കര്‍ശകനാണ് ദര്‍ശന്‍ സിങ്. സംഭവത്തിന് പിന്നാലെ ഹരിയാന പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കണം എന്ന് കർഷക നേതാക്കൾ ആവശ്യപ്പെട്ടു.