ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്‍റെ വിവാദ പ്രസംഗത്തിനുപിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ മുന്‍ അധ്യക്ഷന്‍ രംഗത്ത്. മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ അദിഷ് സി അഗര്‍വാളാണ് ശേഖര്‍ കുമാറിന് പിന്തുണ അറിയിച്ചിരിക്കുന്നത്. ജഡ്‌ജിമാരും മറ്റ് പൗരന്‍മാരെപ്പോലെ ആണെന്നും അവര്‍ക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജസ്‌റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ രാജ്യസഭാംഗവും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അധ്യക്ഷനുമായ കപില്‍ സിബല്‍ ഇംപീച്ച്മെന്‍റ് പ്രമേയം കൊണ്ടുവന്നതിന് തൊട്ടുപിന്നാലെയാണ് അഗര്‍വാളിന്‍റെ പരാമര്‍ശങ്ങള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജഡ്‌ജിമാര്‍ തങ്ങള്‍ പരിഗണിക്കുന്ന കേസുകളുെടെ വിധി ന്യായങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ചൂണ്ടിക്കാട്ടിയ അഗര്‍വാള്‍ അതേസമയം മറ്റ് വിഷയങ്ങളിലുള്ള അവരുടെ അഭിപ്രായ പ്രകടനങ്ങള്‍ ഇംപീച്ച്മെന്‍റിനുള്ള കാരണമാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ജസ്‌റ്റിസ് യാദവിന്‍റെ പൊതുവിടത്തിലെ പ്രസംഗം ഒഴിവാക്കാമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ അഗര്‍വാള്‍ അതേസമയം അദ്ദേഹത്തിനെതിരെ കൊണ്ടു വന്ന ഇംപീച്ച്മെന്‍റ് പ്രമേയത്തെ ന്യായീകരിക്കുകയല്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഈ ഇംപീച്ച്മെന്‍റ് പ്രമേയം നീതിന്യായ സംവിധാനത്തെ കരുതിക്കൂട്ടി അപമാനിക്കാനുള്ള ഒരു നീക്കമാണെന്നാണ് താന്‍ കരുതുന്നത്. ഇത് നീതിന്യായ സംവിധാനത്തിന്‍റെ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു ഇംപീച്ച്മെന്‍റ് പ്രമേയം വിജയിക്കില്ലെന്ന് കപില്‍ സിബലിന് തീര്‍ച്ചയായും അറിയാം. ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ ജഡ്‌ജിയെ ഇംപീച്ച് ചെയ്യാനാകൂ. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇത് ലഭ്യമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അലഹബാദ് ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ശേഖര്‍കുമാരക് യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ രാജ്യസഭ സെക്രട്ടറി ജനറലിന് നോട്ടീസ് നല്‍കിയതായി കപില്‍ സിബല്‍ നേരത്തെ അറിയിച്ചിരുന്നു. ഹൈക്കോടതി പരിസരത്ത് ഈ മാസം ഒന്‍പതിന് അദ്ദേഹം ഒരു അപകീര്‍ത്തികരമായ ഒരു പ്രസംഗം നടത്തിയെന്നും സിബല്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് പദവിയില്‍ തുടരാന്‍ അര്‍ഹതയില്ല. അദ്ദേഹത്തെ നീക്കം ചെയ്യണം. ഇതൊരു രാഷ്‌ട്രീയ വിഷയമല്ല. അതേസമയം ഇത് ഭരണഘടനയുടെ സംരക്ഷണ പ്രശ്‌നവും നീതിന്യായ സംവിധാനത്തിന്‍റെ സ്വാതന്ത്ര്യവും ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്‍റെ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത്ഷാ, ഭരണകക്ഷിയില്‍ നിന്നുള്ള മറ്റ് നേതാക്കള്‍ എന്നിവരുടെ പിന്തുണയും അദ്ദേഹം തേടി. ജസ്‌റ്റിസ് യാദവിനെ നീക്കാന്‍ സുപ്രീം കോടതി ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനിയൊരു തീരുമാനം ഉണ്ടാകും വരെ അദ്ദേഹത്തെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും സിബല്‍ പറഞ്ഞു.
എന്നാല്‍ അഗര്‍വാള്‍ പ്രമേയത്തെ പൂര്‍ണമായും തള്ളി. നീതിന്യായ സംവിധാനത്തിന്‍റെ അഖണ്ഡതയും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നും ഇംപീച്ച്മെന്‍റ് നടപടികള്‍ രാഷ്‌ട്രീയ കാര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.