ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈമാസം എട്ട് മുതല്‍ പത്ത് വരെ ഇവിടെ സന്ദര്‍ശനം നടത്തും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും കമ്മീഷനംഗങ്ങളായ ഗ്യാനേഷ് കുമാറും എസ് എസ് സന്ധുവുമാണ് സന്ദര്‍ശനം നടത്തുക.
ശ്രീനഗറില്‍ രാഷ്‌ട്രീയ കക്ഷികളുമായാകും കമ്മീഷന്‍റെ ആദ്യ കൂടിക്കാഴ്‌ച. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍, എസ്‌പിഎന്‍ഒ, കേന്ദ്ര സേനകളുടെ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരുമായും കമ്മീഷന്‍ കൂടിക്കാഴ്‌ച നടത്തും. ചീഫ് സെക്രട്ടറി, ഡിജിപി, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, എല്ലാ ജില്ലകളിലെയും പൊലീസ് സൂപ്രണ്ടുമാര്‍ എന്നിവരുമായും കമ്മീഷന്‍ ചര്‍ച്ചകള്‍ നടത്തും.
ഈ മാസം പത്തിന് ജമ്മു സന്ദര്‍ശിക്കുന്ന കമ്മീഷന്‍ എന്‍ഫോഴ്‌സ്മെന്‍റ് ഏജന്‍സികളുമായും കൂടിക്കാഴ്‌ച നടത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് പിന്നീട് ജമ്മുവില്‍ വച്ച് മാധ്യമപ്രവര്‍ത്തരോട് വിശദീകരിക്കും.
2024 മാര്‍ച്ചില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജമ്മുകശ്‌മീര്‍ സന്ദര്‍ശിച്ചിരുന്നു. ആ സമയം കമ്മീഷണര്‍മാരെ നിയമിച്ചിരുന്നില്ല. കേന്ദ്രഭരണ പ്രദേശത്ത് ഉടന്‍ തന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ റെക്കോഡ് ജനപങ്കാളിത്തം നിയമസഭ തെരഞ്ഞെടുപ്പിനുള്ള ശുഭസൂചനയാണെന്ന് രാജീവ് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവിടെ ജനാധിപത്യ പ്രക്രിയ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ മുപ്പതിന് മുമ്പ് ജമ്മുകശ്‌മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമന്നാണ് കമ്മീഷന്‍ നല്‍കുന്ന സൂചന.
സുപ്രീം കോടതി നല്‍കിയിരിക്കുന്ന സമയപരിധിയും ഇത് തന്നെയാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്വന്തം ജില്ലകളില്‍ നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് കമ്മീഷന്‍ ജമ്മുകശ്‌മീര്‍ ഭരണകൂടത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. അത് പോലെ തന്നെ മൂന്ന് വര്‍ഷം സേവന കാലാവധി പൂര്‍ത്തിയായ ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റം നല്‍കണമെന്ന് നിര്‍ദേശമുണ്ട്.
Also Read: നിയമസഭ തെരഞ്ഞെടുപ്പ്: 'കശ്‌മീരില്‍ വോട്ടർ പട്ടിക പുതുക്കണം'; ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ