ബിജാപൂർ: ഛത്തീസ്‌ഗഡിൽ മൂന്ന് സ്‌ത്രീകൾ ഉൾപ്പെടെ എട്ട് നക്‌സ്‌ലൈറ്റുകൾ അറസ്‌റ്റിൽ. രാജ്യ നിർമ്മിത യുബിജിഎൽ (Under Barrel Grenade Launcher) ഉപയോഗിച്ച് ബിജാപൂർ ജില്ലയിൽ ഗുണ്ടാമിലെ പുതിയ പൊലീസ് ക്യാമ്പ് ആക്രമിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് നക്‌സ്‌ലൈറ്റുകളെ അറസ്‌റ്റ് ചെയ്‌തത് (Eight Naxalites Including Three Women Arrested In Chhattisgarh).
അറസ്‌റ്റിലായ നക്‌സലൈറ്റുകൾ ഭൈരംഗഡ് ഏരിയാ കമ്മിറ്റി അംഗങ്ങളാണ്. രമേഷ് കോവാസി (36), സമ്പത്ത് ഓയം (32), ആൻഡോ വെക്കോ (21), രാജു വെക്കോ (19), റനു ഉർസ (28), റീത്ത മഡ്‌കം (19), പാണ്ഡെ ഓയം (30), സുശീല കടാടി (26) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരെ ബിജാപൂർ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
ടാറം പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് പൊലീസ് ക്യാമ്പ് തുറന്നത്. ആക്രമണത്തെ തുടർന്ന് നക്‌സ്‌ലൈറ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. സുരക്ഷാസേന നടത്തിയ തെരച്ചിലിൽ അഞ്ച് കിലോ വീതം ഭാരമുള്ള ആറ് ഐഇഡി ബോംബുകൾ കണ്ടെടുത്തിരുന്നു.
നക്‌സലൈറ്റുകൾ പരിഭ്രാന്തിയിലായതിനാൽ പ്രധാന മേഖലകളിൽ പുതിയ പൊലീസ് ക്യാമ്പുകൾ സ്ഥാപിക്കുന്നുണ്ടെന്ന് ബസ്‌തർ ഐജി സുന്ദർരാജ് പി പറഞ്ഞു.
ആക്രമണവും അറസ്‌റ്റും: പീടിയയിലും ഹല്ലൂരിലും ഭൂംകൽ ദിവസ് ആഘോഷിച്ച ശേഷം നക്‌സലൈറ്റുകൾ ട്രാക്‌ടറിൽ മടങ്ങിയെത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ജംഗ്ല പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മത്‌വാഡ ഹൈസ്‌കൂളിന് സമീപം ട്രാക്‌ടറിൽ പോവുകയായിരുന്ന ആളുകൾ പൊലീസിനെ കാണുകയും തുടർന്ന് വാഹനത്തിൽ നിന്ന് ചാടി ഓടാൻ ശ്രമിച്ചിരുന്നു.
എന്നാൽ മൂന്ന് സ്ത്രീകളടക്കം എട്ട് പേരെ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് സ്‌ഫോടക വസ്‌തുക്കൾ, ബാറ്ററികൾ, ബാറ്ററി ചാർജറുകൾ, വയർലെസ് സെറ്റുകൾ, റേഡിയോകൾ, മാവോയിസ്‌റ്റ് യൂണിഫോം, മരുന്നുകൾ, പടക്കങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും പൊലീസ് കണ്ടെടുത്തു.
നാരായൺപൂരിൽ ഒരു ഗ്രാമവാസിയെ വിവരദായകനെന്ന് ആരോപിച്ച് നക്‌സ്‌ലൈറ്റുകൾ ബുധനാഴ്‌ച കൊലപ്പെടുത്തിയിരുന്നു. അതിനു മുൻപും സുക്‌മ ജില്ലയിലെ ഭേജ്ജി പ്രദേശത്ത് സമാനമായ ആരോപണങ്ങളുടെ പേരിൽ ഒരു ഗ്രാമീണൻ കൊല്ലപ്പെട്ടിരുന്നു. വികസന പ്രവർത്തനങ്ങൾ തടയാൻ ഇത്തരം സംഭവങ്ങൾ നടത്തി ഗ്രാമീണരിൽ ഭീതി സൃഷ്‌ടിക്കാനാണ് നക്‌സലൈറ്റുകൾ ശ്രമിക്കുന്നതെന്നും സുന്ദർരാജ് പറഞ്ഞു.
നേരത്തെ സുക്‌മയിലെ ടാപ്പ് വാട്ടർ സ്‌കീമിൽ ജോലി ചെയ്യുന്ന നാല് പേരെ ഇവർ തട്ടിക്കൊണ്ടുപോവുകയും പിന്നീട് വിട്ടയച്ചിരുന്നു. ജനുവരി 30-ന് സുക്‌മ-ബിജാപൂർ അതിർത്തിയിലെ തെക്കൽഗുഡയിൽ പൊലീസ് ക്യാമ്പ് നടത്തുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നക്‌സലൈറ്റുകൾ വെടിയുതിർത്തിരുന്നു.
ഏകദേശം നാല് മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടായിരുന്നു. പിന്നീട് ഒരു പത്രക്കുറിപ്പിൽ തങ്ങളുടെ രണ്ട് കേഡർമാർ വെടിവെപ്പിൽ മരിച്ചതായി നക്‌സ്‌ലൈറ്റുകൾ അറിയിച്ചിരുന്നു.