ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണത്തിന്‍റെ ഭാഗമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി സമൻസ്. അന്വേഷണത്തിന്‍റെ ഭാഗമായുള്ള ചോദ്യം ചെയ്യലിനായി കെജ്‌രിവാള്‍ മാർച്ച് 21ന് ഹാജരാകാനാണ് നിര്‍ദേശം. കേസില്‍ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ഡല്‍ഹി മുഖ്യമന്ത്രിക്ക് അയക്കുന്ന ഒൻപതാമത്തെ സമൻസാണിത്.
മാര്‍ച്ച് നാലിന് ഹാജരാകൻ നിര്‍ദേശം നല്‍കികൊണ്ട് അയച്ച സമൻസിന് അരവിന്ദ് കെജ്‌രിവാള്‍ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണസംഘം വീണ്ടു അദ്ദേഹത്തിന് സമൻസ് അയച്ചത്. ഇന്നലെ മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നു. 15,000 രൂപയുടെ ജാമ്യത്തിലാണ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത്.
ഇഡി അയക്കുന്ന സമൻസിനോട് പ്രതികരിക്കണമെന്നും അവർ പറയുന്നതനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നും കോടതി അരവിന്ദ് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയിലൂടെ സത്യപ്രതിജ്ഞ ചെയ്‌ത ഒരു വ്യക്തി നിയമം അനുസരിക്കുന്നതാണ് ഉചിതമായ കാര്യമെന്നും കോടതി അദ്ദേഹത്തോട് നിർദേശിച്ചിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമേ കെജ്‌രിവാൾ ചെയ്‌തിട്ടുള്ളുവെന്നും കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും അദ്ദേഹത്തിന് കൈമാറണമെന്നുമാണ് കോടതി ഉത്തരവിട്ടത്.
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് കാണിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അയച്ച നോട്ടിസുകൾ അരവിന്ദ് കെജ്‌രിവാള്‍ തുടരെ അവഗണിച്ചിരുന്നു. ഇതുവരെ അയച്ച 8 സമൻസുകൾക്കും അദ്ദേഹം മറുപടി നൽകിയിരുന്നില്ല. സമൻസുകളെല്ലാം രാഷ്‌ട്രീയ പ്രേരിതമാണെന്ന് പറഞ്ഞാണ് കെജ്‌രിവാള്‍ അവയെ അവഗണിച്ചത്.
ഇ ഡി കെജ്‌രിവാളിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം സെക്ഷന്‍ 50 പ്രകാരമാണ് നോട്ടിസ് അയച്ചത്. കെസിൽ ആദ്യമയച്ച മൂന്ന് സമൻസുകൾക്കും ഹാജരാവാത്തതിനെ തുടർന്ന് കെജ്‌രിവാളിനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇഡി നേരത്തെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.
അതേസമയം, ഇ ഡി വ്യാജകേസിന് വേണ്ടിയാണ് അരവിന്ദ് കെജ്‌രിവാളിന് സമൻസ് അയച്ചതെന്ന് മുതിർന്ന ആം ആദ്‌മി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി ആരോപിച്ചു. ഈ കേസ് എന്തിനെക്കുറിച്ചാണെന്ന് ആർക്കും അറിയില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കെജ്‌രിവാളിനെ മാറ്റി നിർത്താൻ വേണ്ടി അദ്ദേഹത്തെ എങ്ങനെയെങ്കിലും അറസ്‌റ്റ് ചെയ്യാൻ വേണ്ടിയുെള്ള ഗൂഢതന്ത്രമാണിതെന്നും അതിഷി പറഞ്ഞു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് ഇ ഡി 2 സമൻസുകൾ അയച്ചതെന്ന് അതിഷി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ എതിരാളികളെ തെരഞ്ഞെടുപ്പിൽ നിന്ന് ഇല്ലാതാക്കാൻ ബിജെപി ഇഡിയെയും സിബിഐയെയും ഗുണ്ടകളായി ഉപയോഗിക്കുന്നുവെന്നും അതിഷി ആരോപിച്ചു.
Also read : കെജ്‌രിവാളിന് ആശ്വാസം; ഡല്‍ഹി മദ്യനയ കേസില്‍ ജാമ്യം