ശ്രീനഗർ: ജമ്മു കശ്‌മീരിൽ വോട്ടർ പട്ടിക പുതുക്കാൻ ഉത്തരവിറക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കമ്മിഷന്‍റെ ഉത്തരവ്. ഓഗസ്റ്റ് 20നകം നടപടികൾ പൂർത്തിയാക്കാൻ സിഇഒമാർക്ക് നിർദേശം നൽകി.
ഓഗസ്റ്റ് 19ന് അമർനാഥ് തീർഥാടന സീസൺ അവസാനിച്ചതിന് ശേഷം സെപ്‌റ്റംബറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. 2024 ജൂലൈ ഒന്നിനോ അതിന് മുമ്പോ 18 വയസ് തികയുന്ന യോഗ്യരായ മുഴുവന്‍ പൗരന്മാരുടെയും രജിസ്ട്രേഷൻ പരമാവധിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സിഇഒമാരോട് ആവശ്യപ്പെട്ടു.
ജൂലൈ 25ന് ആരംഭിക്കുന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ ഓഗസ്റ്റ് 20ന് അവസാനിക്കും. വോട്ടർ പട്ടിക പുതുക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്കായി ജൂൺ 25 മുതൽ ജൂലൈ 24 സമയം നൽകിയിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിനായി ജമ്മു കശ്‌മീരിൽ വിന്യസിച്ച 60,000 അർധ സൈനിക സേനാംഗങ്ങളെ ആഭ്യന്തര മന്ത്രാലയം ഇതുവരെയും പിൻവലിച്ചിട്ടില്ല.
അമർനാഥ് യാത്രയ്ക്കായി ഈ സേനയെ വിന്യസിക്കുമെന്നും അതിനുശേഷം കൂടുതൽ സേനാംഗങ്ങളെ നിയമസഭ തെരഞ്ഞെടുപ്പിനായി വിന്യസിക്കുമെന്നുമാണ് വിവരം. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സെപ്‌റ്റംബറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ചീഫ് ഇലക്‌ടറൽ ഓഫിസർ പികെ പോൾ ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു.