ഹൈദരാബാദ്: മദ്യപിച്ച് അപകടകരമാം വിധം വണ്ടിയോടിച്ച് യുവാവ് തീര്‍ത്തത് റോഡപകടങ്ങളുടെ പരമ്പര. രാത്രി 12.30 നും 1.30 നും ഇടയിൽ ആറ് റോഡപകടങ്ങളാണ് അശ്രദ്ധമായി വാഹനമോടിച്ചത് മൂലം ഉണ്ടായത്. അപകടത്തില്‍ ഒരു യുവാവ് മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. നിസാംപേട്ട് പ്രഗതി നഗറിലെ പടർള ക്രാന്തികുമാർ യാദവ് (30) ആണ് അപകടങ്ങള്‍ സൃഷ്‌ടിച്ചത്.
രായദുർഗം പൊലീസ് സ്‌റ്റേഷനു സമീപമുള്ള ഐകിയ സെന്‍റർ മുതൽ കാമിനേനി ഹോസ്‌പിറ്റൽ വരെ റോഡപകടങ്ങളുടെ പരമ്പരയാണ് സൃഷ്‌ടിച്ചത്. കാറിൽ പുറപ്പെട്ട് ഐകിയ റോട്ടറിക്ക് സമീപം ഇയാളുടെ കാർ എതിർവശത്തെ കാറിൽ ഇടിക്കുകയായിരുന്നു. അതില്‍ യുവതിക്ക് നിസാര പരിക്കേറ്റു.
കാറുമായി രക്ഷപ്പെടുന്നതിനിടെ ഗച്ചിബൗളി ബാബുഖാൻ ലെയ്‌നിന് സമീപം ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ശേഷം പിസ്‌ത ഹൗസിലേക്ക് വേഗത്തിൽ പോയ പ്രതി 20-25 വയസുള്ള യുവാവിനെയും ഇടിച്ചു. ഇയാളെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. യുവാവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കെഐഎം ആശുപത്രിക്ക് സമീപം മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ശേഷം വീണ്ടും അപകടങ്ങളുണ്ടായി. അപകട പരമ്പരകൾ കണ്ട് ചിലർ ക്രാന്തിയുടെ വാഹനം മൽക്കൻചെരുവിനു സമീപം തടഞ്ഞ് മർദിക്കുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്‌തു.
പൊലീസ് ക്രാന്തിയെ രായദുർഗം പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ആൽക്കഹോൾ ടെസ്റ്റ് നടത്തിയപ്പോൾ മീറ്റർ റീഡിംഗ് 550 ആണെന്ന് കണ്ടെത്തി. പ്രതിയുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.