കൊൽക്കത്ത: ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ അന്വേഷണത്തിനായി സിബിഐ സംഘം കൊൽക്കത്തയിലെത്തി. ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘമാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് എത്തിയത്. ഡൽഹിയിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ, ഫോറൻസിക് സംഘവും സിബിഐ ഉദ്യോഗസ്ഥർക്കൊപ്പമുണ്ട്.
കഴിഞ്ഞ ദിവസമാണ് പിജി മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഡോക്‌ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. എല്ലാ രേഖകളും ഉടൻ സിബിഐയ്‌ക്ക് കൈമാറാനും കൊൽക്കത്ത പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.
#WATCH | RG Kar Medical College and Hospital rape-murder case | Members of the CBI team from Delhi reach CGO Complex in Kolkata, West Bengal.
— ANI (@ANI) August 14, 2024
Following Calcutta High Court order, the CBI has taken over the case and has sent a specialised medical and forensic team from Delhi. pic.twitter.com/7AKzq5Nh16
അതേസമയം സംഭവത്തിൽ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (എഫ്എഐഎംഎ) ചൊവ്വാഴ്‌ച (ഓഗസ്‌റ്റ് 14) മുതൽ രാജ്യവ്യാപകമായി ഒപിഡി സേവനങ്ങൾ ബഹിഷ്‌കരിക്കുമെന്ന് ആഹ്വാനം ചെയ്‌തിരുന്നു. അതിന് പിന്നാലെ ഡോക്‌ടർമാരും മെഡിക്കൽ വിദ്യാർഥികളും ഡൽഹി എയിംസിൽ പ്രതിഷേധ പ്രകടനം നടത്തി.
സുരക്ഷ വര്‍ധിപ്പിക്കാൻ എൻഎംസിക്ക് നിർദേശം: സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിനായുള്ള നയം രൂപീകരിക്കാൻ എല്ലാ മെഡിക്കൽ കോളജുകൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുടെ നിർദേശപ്രകാരം ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) അറിയിപ്പ് നല്‍കിയിട്ടുണ്ട്.
'അടുത്ത കാലത്തായി മെഡിക്കൽ കോളജുകളിൽ ഡോക്‌ടർമാർക്ക് നേരെയുള്ള നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫാക്കൽറ്റികൾ, മെഡിക്കൽ വിദ്യാർഥികൾ, റസിഡന്‍റ് ഡോക്‌ടർമാർ എന്നിവരുൾപ്പെടെ എല്ലാ സ്‌റ്റാഫ് അംഗങ്ങൾക്കും കോളജ്, ആശുപത്രി ക്യാമ്പസിനുള്ളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിനായി ഒരു നയം വികസിപ്പിക്കാൻ എല്ലാ മെഡിക്കൽ കോളജുകളോടും അഭ്യർഥിക്കുന്നു' എന്ന് അറിയിപ്പിൽ പറയുന്നു.
"ഒപിഡി, വാർഡുകൾ, കാഷ്വാലിറ്റി, ഹോസ്‌റ്റലുകൾ, ക്യാമ്പസിലെയും റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിലെയും തുറസായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മതിയായ സുരക്ഷാ നടപടികൾ ഉറപ്പാക്കണം. ഇടനാഴികളിലും ക്യാമ്പസുകളിലും വൈകുന്നേരങ്ങളിൽ ജീവനക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനും എല്ലാ സ്ഥലങ്ങളും നിരീക്ഷിക്കാനുമായി സിസിടിവി സ്ഥാപിക്കണം" എന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ഐഎംഎയുമായി കൂടിക്കാഴ്‌ച നടത്തി ജെ പി നദ്ദ: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (ഐഎംഎ) പ്രതിനിധി സംഘവുമായി ചൊവ്വാഴ്‌ച (ഓഗസ്‌റ്റ് 14) കൂടിക്കാഴ്‌ച നടത്തിയിരുന്നു. കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ജോലിസ്ഥലത്ത് ഡോക്‌ടർമാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു.
ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്‌ടറെ ഓഗസ്‌റ്റ് 9 നാണ് സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെടും മുമ്പ് ഡോക്‌ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്.
Also Read: ഡോക്‌ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം രൂക്ഷം; രാജ്യവ്യാപകമായി ഒപിഡി ബഹിഷ്‌കരണം തുടരും