ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ശിക്ഷ നിരക്ക് കുറവായ പശ്ചാത്തലത്തിൽ പ്രോസിക്യൂഷന്‍റെയും തെളിവുകളുടെയും ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സുപ്രീം കോടതി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനോട് നിർദേശിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) 2014നും 2024നും ഇടയിൽ 5,297 കേസുകളാണ് ഇഡി രജിസ്‌റ്റർ ചെയ്‌തതെന്നും, അതിൽ 40 കേസുകളിൽ മാത്രമാണ് ശിക്ഷ വിധിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്‌ച (ഓഗസ്‌റ്റ് 6) ലോക്‌സഭയെ അറിയിച്ചിരുന്നു. ശിക്ഷാ നിരക്ക് വർധിപ്പിക്കാൻ കേന്ദ്ര ഏജൻസി ശാസ്‌ത്രീയമായ അന്വേഷണം നടത്തണമെന്ന് പാർലമെന്‍റിലെ കേന്ദ്രസർക്കാരിന്‍റെ പ്രസ്‌താവന ഉദ്ധരിച്ച് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു.
കൽക്കരി ഘനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ഛത്തീസ്‌ഗഡ് വ്യവസായി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്‌റ്റിസുമാരായ ദീപങ്കർ ദത്ത, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. പ്രോസിക്യൂഷന്‍റെയും തെളിവുകളുടെയും ഗുണനിലവാരത്തിൽ കേന്ദ്ര ഏജൻസി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിനോട് ബെഞ്ച് പറഞ്ഞു.
അതേസമയം സെക്ഷൻ 161 ക്രിമിനൽ നടപടി ചട്ടത്തിൽ നിന്ന് വ്യത്യസ്‌തമായി, പിഎംഎൽഎയുടെ 50-ാം വകുപ്പിന് കീഴിലുള്ള മൊഴികൾ തെളിവായി കണക്കാക്കുമെന്ന് ഇഡിയുടെ അഭിഭാഷകൻ വാദിച്ചു. നിലവിലെ കേസിൽ, ചില സാക്ഷികൾ നൽകിയ മൊഴികളും സത്യവാങ്മൂലങ്ങളുമാണ് തെളിവായി ഏജൻസി ചൂണ്ടിക്കാണിക്കുന്നതെന്ന് ബെഞ്ച് അഭിഭാഷകനോട് പറഞ്ഞു. "ഇത്തരം വാക്കാലുള്ള തെളിവുകൾ നൽകുന്ന വ്യക്തികൾ നാളെ അതിൽ തന്നെ ഉറച്ച് നിൽക്കുമോ ഇല്ലയോ എന്ന് ദൈവത്തിന് അറിയാം. അതുകൊണ്ട് തന്നെ നിങ്ങൾ ശാസ്‌ത്രീയമായ അന്വേഷണം നടത്തണം," എന്ന് ബെഞ്ച് വ്യക്തമാക്കി. പിഎംഎൽഎയുടെ 19-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥൻ പ്രതിയെ അറസ്‌റ്റ് ചെയ്യുന്നതിന് "വിശ്വസിക്കാൻ കഴിയുന്ന കാരണങ്ങൾ" പ്രതിക്ക് നൽകണമെന്നും ബെഞ്ച് പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ കേസിൽ, അറസ്‌റ്റിന് പുറമെ 'വിശ്വസിക്കാനുള്ള കാരണങ്ങളും' പ്രതികൾക്ക് നൽകേണ്ടതുണ്ടെന്ന് ഹർജിക്കാരനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. എന്നാൽ ആ കേസിൽ അറസ്‌റ്റ് ചെയ്യേണ്ടത് അനിവാര്യമായിരുന്നെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
Also Read: വ്യാജ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; ലഡാക്കില്‍ റെയ്‌ഡ് നടത്തി ഇഡി