ഹൈദരാബാദ് : എത്ര സമ്പാദിച്ചാലും മതിയാവാത്തവരാണ് മനുഷ്യര്‍ എന്നൊരു പൊതുധാരണ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ അതിന് അപവാദമാവുകയാണ് ലോക പ്രശസ്‌തമായ 'ഇന്തോ മൈം' കമ്പനിയുടെ ഡയറക്‌ടർ ഡോ. ജഗദംബ ചിവുകുല. മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥികൾക്കായി 228 കോടി രൂപയാണ് ഇന്തോ മൈം കമ്പനി സംഭാവന നൽകിയത്. സിഎസ്‌ആര്‍ ഫണ്ടില്‍ നിന്നല്ല കമ്പനി ഇത്രയും വലിയ തുക സംഭാവന ചെയ്യുന്നത്. കമ്പമനിയുടെ ഓഹരി വിഹിതത്തില്‍ നിന്നാണ്.
പാവപ്പെട്ടവരുടെ ആരോഗ്യത്തിനും അനാഥ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി കോടിക്കണക്കിന് രൂപയുടെ സഹായമാണ് കമ്പനി ചെയ്യുന്നത്. മദ്രാസ് ഐഐടിയിൽ എത്തിയ ജഗദംബ ചിവുകുല ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
'ഞാന്‍ കർണാടകയില്‍ നിന്നാണ്. ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് കഴിഞ്ഞ് എം.ഡി പഠിക്കാൻ ഞാന്‍ അമേരിക്കയിലേക്ക് പോയി. അവിടെ വെച്ചാണ് കൃഷ്‌ണ ചിവുകുലയെ കണ്ടുമുട്ടുന്നത്. അദ്ദേഹം ആന്ധ്രാപ്രദേശിലെ ബപട്‌ല സ്വദേശിയാണ്. മദ്രാസ് ഐഐടിയിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിങ്ങും എം.ടെക്കും പൂർത്തിയാക്കാണ് അദ്ദേഹം അവിടെയെത്തിയത്. ഞങ്ങള്‍ ആകസ്‌മികമായി കണ്ടുമുട്ടുകയും സുഹൃത്തുക്കളാവുകയും പരസ്‌പരം മനസിലാക്കുകയും ശേഷം വിവാഹം കഴിക്കുകയും ചെയ്‌തു.
ചിന്തകളിലെന്നും ഇന്ത്യ...
അമേരിക്കയിലായാലും ഞങ്ങളുടെ ചിന്തകൾ എപ്പോഴും ഇന്ത്യയെക്കുറിച്ചാണ്. അതിനാലാണ് ഞങ്ങളുടെ കമ്പനിയുടെ ആസ്ഥാനം കർണാടകയിൽ സ്ഥാപിച്ചത്. ഇതിലൂടെ ഞങ്ങൾ ഇന്ത്യയിൽ ആദ്യമായി മെറ്റൽ ഇൻജക്ഷൻ മോൾഡിങ് (എംഐഎം) സാങ്കേതിക വിദ്യ അവതരിപ്പിച്ചു.
അമ്മായിയമ്മക്ക് കൊടുത്ത വാക്ക്
'1994-ല്‍ ആണ് ഞങ്ങൾ ഹൈദരാബാദിൽ എത്തുന്നത്. എന്‍റെ അമ്മായിയമ്മ ലളിതശ്രീ ഒരു അഭിഭാഷകയാണ്. വ്യക്തമായ സാമൂഹിക ബോധമുള്ള സ്‌ത്രീ. അവര്‍ ഒരു ചാരിറ്റബിൾ ഓർഗനൈസേഷൻ സ്ഥാപിക്കുകയും പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും ചെയ്‌തു. അവര്‍ കാരണം പലരും ഡോക്‌ടർമാരും എഞ്ചിനീയർമാരുമായി.
സ്വയം സേവിക്കുകയും നാല് പേരെ സഹായിക്കുകയും ചെയ്യണമെന്ന് അവര്‍ പറയുമായിരുന്നു. യുഎസിൽ പോയതിന് ശേഷം ഞങ്ങൾ രണ്ടുപേരും ആ ചിന്ത പിന്തുടര്‍ന്നു. നന്നായി ആലോചിച്ച ശേഷം ഞങ്ങളുടെ അടുത്ത ചുവട് ദരിദ്രര്‍ക്ക് വേണ്ടിയാകണമെന്ന് തീരുമാനിച്ചു. ഞാൻ ഡയറക്‌ടറായ 'ഇന്തോ മൈം' ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ എംഐഎം ശേഷിയുള്ള കമ്പനിയാണ്.
ഇന്ത്യയിൽ കമ്പനി സ്ഥാപിതമായി നാല് വർഷത്തിന് ശേഷം ഞങ്ങൾ സർക്കാർ പ്രൈമറി, ഹൈസ്‌കൂളുകളിൽ ഉച്ച ഭക്ഷണ പദ്ധതി ആരംഭിച്ചു. ഇപ്പോഴും ആ സ്‌കൂളുകളിൽ പ്രതിദിനം 2500 പേർക്ക് ഭക്ഷണം നൽകുന്നുണ്ട്. ഇതുമൂലം കുട്ടികളുടെ ഹാജർ നില ഗണ്യമായി വർധിക്കുന്നുണ്ട്.
മക്കൾ പഠിക്കുന്നു എന്ന രക്ഷിതാക്കളുടെ സന്തോഷം കണ്ട് ഞങ്ങൾ ഏറെ സന്തോഷിച്ചു. ഞങ്ങൾ ചാമരാജനഗർ ജില്ലയിലെ ഒരു സ്‌കൂൾ ദത്തെടുത്തു. അനാഥരും പാവപ്പെട്ടവരുമായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്വീഡൻ, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിലെ പൗരന്മാരും ഇവിടെയെത്തി പഠിപ്പിക്കുന്നുണ്ട്. കുട്ടികളാണ് ഇതിന്‍റെ ഗുണഭോക്താക്കൾ. അവർക്ക് നല്ല ജോലി ലഭിക്കും. ഇത് ഞങ്ങൾക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.
അമേരിക്കയിലെ പാവപ്പെട്ടവരെ ചികിത്സിക്കുന്നതിനായി ഞങ്ങൾ 65 ലക്ഷം ഡോളർ അവിടെയുള്ള ടാമ്പാ ജനറൽ ആശുപത്രിയിലേക്ക് സംഭാവന ചെയ്‌തിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ ഐഐടി മദ്രാസിന് 228 കോടി രൂപ നൽകി. ഇത് സിഎസ്ആറിന്‍റെ ഭാഗമല്ല. കമ്പനിയുടെ ഓഹരികളിൽ നിന്നാണ് ഞങ്ങള്‍ ഈ പണം നല്‍കുന്നത്.
ഇന്ത്യക്കാരോടുള്ള പൊതു ധാരണ പൊളിച്ചെഴുതി :
ഇന്ത്യാക്കാർക്ക് ആത്മവിശ്വാസം കുറവാണെന്ന് പണ്ടുകാലങ്ങളില്‍ അമേരിക്കക്കാര്‍ പറഞ്ഞിരുന്നു. ഞങ്ങളുടെ ആത്മവിശ്വാസം കൊണ്ട് ഞങ്ങൾ കമ്പനികളെ വളർത്തി. ഇന്ത്യക്കാർ സാധാരണക്കാരല്ല, അവര്‍ക്ക് ആത്മവിശ്വാസം കൂടുതലാണ് എന്ന് ഇപ്പോൾ അമേരിക്കക്കാർ പറയുന്നു.
നിലവിൽ, ഞങ്ങൾ ഞങ്ങളുടെ കമ്പനികൾ വിപുലീകരിക്കുകയാണ്. ഞങ്ങളുടെ ഉത്പന്നങ്ങൾ 45 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പ്രതിവർഷം 1000 കോടി രൂപയുടെ വിറ്റുവരവ് ഞങ്ങളുടെ കമ്പനിക്കുണ്ട്. ഞങ്ങൾക്ക് അത്രയും പണം ആവശ്യമില്ല.
സുഖപ്രദമായി ജീവിച്ചാൽ മത്രം മതി. ബാക്കിയുള്ളത് പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ചെലവഴിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആവശ്യമുള്ളവരെ സഹായിക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. പക്ഷേ ഈ യാത്ര എത്ര ദൂരം പോകുമെന്ന് എനിക്കറിയില്ല. എങ്കിലും ശ്വാസമുള്ളിടത്തോളം കാലം ഞങ്ങൾ തുടരും'- ജഗദംബ ചിവുകുല ഇടിവി ഭാരതിനോട് പറഞ്ഞു.
Also Read : മുഖ്യമന്ത്രിയുടെ ഭാര്യയുടെ ആസ്‌തി; പ്രതിപക്ഷത്തിന് പിടിവള്ളി, 'നീറിപ്പുകഞ്ഞ്' അസം