ന്യൂഡല്‍ഹി: ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ദേശവിരുദ്ധമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍. രാജ്യത്തെ നീതിന്യായ സംവിധാനത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളെയും താറടിക്കുന്നത് അവസാനിപ്പിക്കണം. ഒരു വ്യക്തിയ്ക്ക് വേണ്ടിയോ സംഘത്തിന് വേണ്ടിയോ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍ യാതൊരു വിട്ടുവീഴ്‌ചകളും വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശവിരുദ്ധരെ കണ്ടെത്താന്‍ നടപടി വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില നിക്ഷിപ്‌ത താത്പര്യക്കാര്‍, പ്രത്യേകിച്ച് രാഷ്‌ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട അഴിമതി കേസുകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താനും സമ്മര്‍ദ്ദത്തിലാക്കാനും ശ്രമിക്കുന്നുവെന്ന് കാട്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും ബാര്‍കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ മനന്‍കുമാര്‍ മിശ്രയുമടക്കമുള്ള അറുനൂറോളം അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചതിന് പിന്നാലെയാണ് ഉപരാഷ്‌ട്രപതിയുടെ പരാമര്‍ശങ്ങള്‍.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ കോടതികളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നു. ഇത് നമ്മുടെ ജനാധിപത്യത്തിനും ഭീഷണിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 26നാണ് രാജ്യത്തെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. ഇത്തരം കഠിനകാലങ്ങളില്‍ ചന്ദ്രചൂഢിനെപ്പോലൊരാളുടെ നേതൃത്വം നമുക്ക് ആവശ്യമാണ്. പരമോന്നത കോടതി കരുത്തോടെ നിലകൊള്ളണമെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സമയത്ത് മൗനം പാലിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
ചില അഭിഭാഷകരെയും പേരെടുത്ത് പറയാതെ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. രാഷ്‌ട്രീയക്കാരെ പകല്‍ അവര്‍ പ്രതിരോധിക്കുകയും രാത്രിയില്‍ ജഡ്‌ജിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്‌മിനിസ്ട്രേഷന്‍റെ പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു ധന്‍കറിന്‍റെ പരാമര്‍ശങ്ങള്‍. ഇന്ത്യ ഒരു ജനാധിപത്യ രാഷ്‌ട്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരുത്തുറ്റ ഒരു നീതിന്യായ സംവിധാനമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാം അങ്ങേയറ്റം ശ്രദ്ധപുലര്‍ത്തണം. ദേശവിരുദ്ധ ശക്തികളോട് യാതൊരു വിട്ടുവീഴ്‌ചയും പാടില്ല. അര്‍ദ്ധരാത്രിയിലും അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുന്ന നീതിന്യായ സംവിധാനമാണ് നമുക്കുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.