ന്യൂഡൽഹി: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സിബിഐ, ഇഡി കേസുകളിൽ ബിആർഎസ് നേതാവ് കെ കവിത സമർപ്പിച്ച ജാമ്യാപേക്ഷയിൽ ജൂലൈ ഒന്നിന് ഡൽഹി ഹൈക്കോടതി വിധി പറയും. എല്ലാവരുടെ ഭാഗത്ത് നിന്നുമുള്ള വാദങ്ങൾ കേട്ടശേഷം മെയ് 28 ന് ചേർന്ന ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ ബെഞ്ചാണ് ജൂലൈ ഒന്നിന് വിധി പറയാന്‍ കേസ് മാറ്റിവച്ചത്.
കെ കവിതയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയും അഭിഭാഷകൻ നിതേഷ് റാണയും ഹാജരായിരുന്നു. സിബിഐക്ക് വേണ്ടി അഭിഭാഷകൻ ഡിപി സിംഗ് ഹാജരായപ്പോൾ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിന് വേണ്ടി അഭിഭാഷകൻ സോഹെബ് ഹൊസൈൻ ഹാജരായി.
മറ്റ് പൊതുപ്രവർത്തകരുടെയും സ്വകാര്യ വ്യക്തികളുടെയും പങ്കാളിത്തവും അനധികൃത പണത്തിൻ്റെ ഒഴുക്കും ഉൾപ്പെടെയുള്ള ചില സുപ്രധാന വശങ്ങളിൽ തുടർ അന്വേഷണം വളരെ നിർണായക ഘട്ടത്തിലാണെന്ന് ജാമ്യാപേക്ഷയെ എതിർക്കുന്നതിനിടെ സിബിഐ വ്യക്തമാക്കി. കുറ്റാരോപിതയായ ഹർജിക്കാരിയെ ജാമ്യത്തിൽ വിട്ടയച്ചാൽ അന്വേഷണം അട്ടിമറിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് സിബിഐ വാദിച്ചു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റും കെ കവിതയുടെ ജാമ്യാപേക്ഷയെ എതിർത്തു.
ഡൽഹി മദ്യനയം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിത സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിനും സിബിഐക്കും നേരത്തെ നോട്ടീസ് അയച്ചിരുന്നു.
അടുത്തിടെ മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) റൂസ് അവന്യൂ കോടതിയിൽ കവിതയ്ക്കും മറ്റ് പ്രതികളായ ചൻപ്രീത് സിംഗ്, ദാമോദർ, പ്രിൻസ് സിംഗ്, അരവിന്ദ് കുമാർ എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
താൻ രണ്ട് കുട്ടികളുടെ അമ്മയാണെന്നും അവരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നും അറസ്റ്റിൻ്റെ ഞെട്ടലിൽ ഇപ്പോൾ ചികിത്സയിലാണെന്നും കവിത സമർപ്പിച്ച ഹർജിയിൽ പറയുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയിലെ അംഗങ്ങൾ തന്നെ അഴിമതിയിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമങ്ങൾ നടത്തുണ്ടെന്ന് കവിത രണ്ടാമത് നൽകിയ ജാമ്യാപേക്ഷയിൽ ആരോപിച്ചു.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൻ്റെ മുഴുവൻ കേസും പിഎംഎൽഎയുടെ സെക്ഷൻ 50 പ്രകാരം സാക്ഷികൾ, കൂട്ടുപ്രതികൾ നൽകിയ മൊഴികളെ ആശ്രയിച്ചിരിക്കുന്നുവെന്ന് അവർ ജാമ്യാപേക്ഷയിലൂടെ പറഞ്ഞു. മൊഴികളെ സ്ഥിരീകരിക്കുന്ന ഒരു രേഖയും ഇതുവരെ പ്രോസിക്യൂഷൻ സമർപ്പിച്ചിട്ടില്ല. അപേക്ഷകനു നേരെ വിരൽ ചൂണ്ടുന്ന ഒരു തെളിവും തന്നെ കണ്ടെത്താനായില്ലെെന്നും കവിത പറഞ്ഞു.
പിഎംഎൽഎയുടെ സെക്ഷൻ 19 പാലിക്കാത്തതിനാൽ തന്നെ അപേക്ഷകൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണ്. പണമിടപാട് നടത്തിയതിൻ്റെ ഒരു രേഖയുമില്ല. അതിനാൽ തൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണ് കവിത തന്‍റെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.
നേരത്തെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ, ഇഡി കേസുകളിൽ കെ കവിത സമർപ്പിച്ച ജാമ്യാപേക്ഷ മെയ് ആറിന് ഡൽഹി റോസ് അവന്യൂ കോടതി തള്ളിയിരുന്നു. 2024 മാർച്ച് 15 ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും 2024 ഏപ്രിൽ 11 ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനുമാണ് (സിബിഐ) കെ കവിതയെ അറസ്റ്റ് ചെയ്‌തത്.