ന്യൂഡല്‍ഹി: ഐഎഎസ് മുന്‍ പ്രൊബേഷണറി ഓഫിസര്‍ പൂജാ ഖേദ്ക്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ അനധികൃതമായി ഒബിസി, ഭിന്നശേഷി സംവരണങ്ങള്‍ നേടിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പൂജ ഖേദ്‌ക്കറിനെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുകളുണ്ടെന്ന് ജസ്റ്റിസ് ചന്ദ്ര ധരി സിങ് ചൂണ്ടിക്കാട്ടി.
കൂടുതല്‍ അന്വേഷണം നടത്തിയാല്‍ സംവിധാനങ്ങള്‍ അട്ടിമറിക്കാനായി നടത്തിയ വലിയ ഗൂഢാലോചനകള്‍ പുറത്ത് വരുമെന്നും പൂജയ്ക്ക് അറസ്റ്റ് ചെയ്യും മുമ്പ് തന്നെ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ പൂജ ഖേദ്ക്കറിന് അറസ്റ്റില്‍ നിന്നുള്ള ഇടക്കാല സംരക്ഷണം ഇല്ലാതായിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഏറ്റവും വലിയ പരീക്ഷയാണ് സിവില്‍ സര്‍വീസ്. ഒരു ഭരണഘടനാ സ്ഥാപനത്തെയും സമൂഹത്തെയും വഞ്ചിച്ചതിന്‍റെ ഉത്തമോദാഹരണമാണ് പൂജയുടെ കേസെന്നും കോടതി ചൂണ്ടിക്കാട്ടി.
പിന്നാക്ക വിഭാഗത്തിന്‍റെ ആനുകൂല്യങ്ങള്‍ പൂജ തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ ആ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലെന്നും പ്രഥമദൃഷ്‌ട്യാ കണ്ടെത്തിയിട്ടുണ്ട്. മറ്റ് ചിലരുടെ സഹായത്തോടെ വ്യാജ രേഖകള്‍ ചമച്ചാണ് പൂജ ആനുകൂല്യങ്ങള്‍ സ്വന്തമാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് വ്യക്തമാണെന്നാണ് അഭിപ്രായമെന്നും കോടതി പറഞ്ഞു.
കുറ്റക്കാരിയുടെ കുടുംബാംഗങ്ങള്‍ വലിയ പദവികളിലിരിക്കുന്നത് കൊണ്ട് തന്നെ അവര്‍ക്കും ഇതില്‍ പങ്കുണ്ടാകാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 2022ലെ യുപിഎസ്‌സി പരീക്ഷയില്‍ സംവരണാനുകൂല്യങ്ങള്‍ക്കായി പൂജ തെറ്റായ രേഖകള്‍ സമര്‍പ്പിച്ചെന്നാണ് ആരോപണം. ഡല്‍ഹി പൊലീസിന്‍റെയും പരാതിക്കാരായ യുപിഎസ്‌സിയുടെയും അഭിഭാഷകര്‍ പൂജയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു.
യുപിഎസ്‌സിയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ നരേഷ് കൗശികും വര്‍ധമാന്‍ കൗശിക്കും ഹാജരായി. അതേസമയം തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും പൂജ നിഷേധിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാമെന്നും രേഖകളെല്ലാം ഹാജരാക്കാമെന്നും പൂജ കോടതിയെ അറിയിച്ചു. കസ്റ്റഡി ഇതിന് ആവശ്യമില്ലെന്നും പൂജയുടെ അഭിഭാഷകന്‍ വാദിച്ചു.
പൂജയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഡല്‍ഹി പൊലീസിന്‍റെ അഭിഭാഷകന്‍ വാദിച്ചു. മറ്റുള്ളവരുടെ പങ്ക് പുറത്ത് കൊണ്ടുവരണമെങ്കില്‍ ഇത് അത്യന്താപേക്ഷിതമാണെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. യുപിഎസ്‌സിയും പൂജയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. കമ്മിഷനെയും പൊതുജനങ്ങളെയും പൂജ വഞ്ചിച്ചെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തട്ടിപ്പിന്‍റെ ആഴം അറിയണമെങ്കില്‍ പൂജയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും യുപിഎസ്‌സി ചൂണ്ടിക്കാട്ടി.
ജൂലൈയില്‍ പൂജയ്ക്കെതിരെ നിരവധി നടപടികള്‍ യുപിഎസ്‌സി കൈക്കൊണ്ടിരുന്നു. ക്രിമിനല്‍ കുറ്റമടക്കമുള്ളവ പൂജയ്ക്കെതിരെ ആരോപിച്ചു. ഡല്‍ഹി പൊലീസ് ഐപിസി, വിവരസാങ്കേതിക നിയമം, ഭിന്നശേഷി അവകാശ നിയമം തുടങ്ങിയവ ചുമത്തി പൂജയ്ക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഓഗസ്റ്റ് 12ന് ഹൈക്കോടതി പൂജയ്ക്ക് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. പിന്നീട് ഇത് നീട്ടി നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു.
Also Read: വ്യാജ രേഖ സമര്‍പ്പിച്ച് ക്വാട്ട ആനുകൂല്യങ്ങളില്‍ തട്ടിപ്പ് നടത്തി; പൂജ ഖേദ്‌കര്‍ പുറത്ത്