ന്യൂഡൽഹി : ഡോക്‌ടറുമായി ദിവസേന കൂടിക്കാഴ്‌ച നടത്താന്‍ അനുമതിക്കായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി ഡല്‍ഹി റൂസ് അവന്യു കോടതി. ദിവസേന 15 മിനിറ്റ് വീഡിയോ കോൺഫറൻസിങ്ങിലൂടെ ഡോക്‌ടറെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു കെജ്‌രിവാള്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കെജ്‌രിവാള്‍ ആവശ്യം ഉന്നിയിച്ചിരുന്നു.
കെജ്‌രിവാളിന് ആവശ്യമായ എല്ലാ ചികിത്സയും ഇൻസുലിനും ജയിലില്‍ ഉറപ്പുവരുത്തണമെന്ന് പ്രത്യേക ജഡ്‌ജി കാവേരി ബവേജ ഉത്തരവിട്ടു. സ്പെഷ്യലൈസ്‌ഡ് കൺസൾട്ടേഷന്‍റെ ആവശ്യം വന്നാല്‍ സീനിയർ എൻഡോക്രൈനോളജിസ്‌റ്റ്, ഡയബറ്റോളജിസ്‌റ്റ് എന്നിവരടങ്ങുന്ന എയിംസ് ഡയറക്‌ടര്‍ ബോർഡുമായി ജയിൽ അധികൃതര്‍ കൂടിയാലോചിക്കണമെന്നും കോടതി പറഞ്ഞു.
കെജ്‌രിവാളിന്‍റെ മെഡിക്കൽ ആവശ്യങ്ങളും സ്ഥിതിവിവരക്കണക്കുകൾ സംബന്ധിച്ച ഡാറ്റയും പരിഗണിച്ച്, ആവശ്യമെങ്കിൽ, ഒരു ഭക്ഷണക്രമവും വ്യായാമ പദ്ധതിയും നിർദേശിക്കാനും മെഡിക്കൽ ബോർഡിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ, മെഡിക്കൽ ബോർഡിന് ജയിലിൽ കെജ്‌രിവാളിനെ പരിശോധിക്കാമെന്നും കോടതി പറഞ്ഞു.
അതേസമയം, കെജ്‌രിവാളിന് വീട്ടിൽ പാകം ചെയ്‌ത ഭക്ഷണം നൽകുന്നത് തുടരും. നിർദേശിച്ചിരിക്കുന്ന ഭക്ഷണ ക്രമത്തിൽ നിന്ന് വ്യതിചലനമില്ലെന്ന് ജയിൽ അധികൃതർ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ക്രമക്കേട് ഉണ്ടായാല്‍ ജയിൽ അധികൃതർ എയിംസ് മെഡിക്കൽ ബോർഡിന്‍റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.
കെജ്‌രിവാളിന് ഇൻസുലിൻ നൽകേണ്ട ആവശ്യമുണ്ടോ എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് എത്രയും വേഗം കോടതിയിൽ സമർപ്പിക്കാൻ എയിംസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കെജ്‌രിവാളിന്‍റെ മെഡിക്കൽ റിപ്പോർട്ടും രണ്ടാഴ്ചയിലൊരിക്കൽ കോടതിയിലേക്ക് അയക്കണമെന്നും ജഡ്‌ജി കാവേരി ബവേജ ഉത്തരവിട്ടു.
Also Read : ഇന്‍സുലിന്‍ വിഷയം; ജയിൽ സൂപ്രണ്ടിന് കത്തെഴുതി കെജ്‌രിവാള്‍ - Arvind Kejriwal Insulin Issue