ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് തിഹാര്‍ ജയിലില്‍ നിന്നിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ആംആദ്‌മി പാര്‍ട്ടി എംഎല്‍എമാരുമായി പ്രത്യേക യോഗം ചേരും. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം പാര്‍ട്ടി എംഎല്‍എമാരുമായി എഎപി അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി നടത്തുന്ന ആദ്യ യോഗമാണിത്. ഡല്‍ഹിയില്‍ ഇന്ന് രാവിലെ 11 മണിക്ക് എംഎല്‍എമാരുമായി കൂടിക്കാഴ്‌ച നടത്തുന്ന അദ്ദേഹം ഉച്ചയ്‌ക്ക് ഒരു മണിക്ക് പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനവും നടത്തും.
ഡല്‍ഹിയിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിലാക്കാൻ അരവിന്ദ് കെജ്‌രിവാള്‍ ഇന്നും റോഡ് ഷോയില്‍ പങ്കെടുക്കും. നാല് മണിക്ക് ന്യൂഡല്‍ഹി ലോക്‌സഭ മണ്ഡലത്തിലെ മോട്ടി നഗറിലും ആറ് മണിക്ക് വെസ്റ്റ് ഡല്‍ഹിയിലെ ഉത്തം നഗറിലും നടക്കുന്ന റോഡ് ഷോയിലാണ് കെജ്‌രിവാള്‍ പങ്കെടുക്കുക.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ 50 ദിവസത്തെ ജയില്‍വാസത്തിന് ശേഷം വെള്ളിയാഴ്‌ചയായിരുന്നു (മെയ് 10) അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്ന് വരെയാണ് കെജ്‌രിവാളിന്‍റെ ജാമ്യം. ജൂണ്‍ രണ്ടിന് അദ്ദേഹം തിരികെ ജയിലിലേക്ക് മടങ്ങണമെന്നുമാണ് കോടതിയുടെ നിര്‍ദേശം.
കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും ബിജെപിയ്‌ക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു കെജ്‌രിവാള്‍ നടത്തിയത്. പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു പ്രധാനമന്ത്രിക്കെതിരായ കെജ്‌രിവാളിന്‍റെ പ്രതികരണം.
ഏകാധിപതിയായ മോദി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അങ്ങനെയൊരാളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാൻ 140 കോടി ജനതയുടെ സഹായം ആവശ്യമാണ്. തന്നെ എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍ക്കാരുകളെ ജയിലില്‍ അടച്ച് അട്ടിമറി നടത്താനാണ് അവരുടെ ശ്രമം.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ ജയിലില്‍ അടയ്‌ക്കുന്നത് നമ്മള്‍ കണ്ടു. പിണറായി വിജയൻ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടിരുന്നു.
തനിക്കെതിരായ കേസിലൂടെ ആംആദ്‌മി പാര്‍ട്ടിയെ തകര്‍ത്തുകളയാം എന്നായിരുന്നു മോദി കരുതിയിരുന്നത്. തന്‍റെ അറസ്റ്റിലൂടെ ആരെയും അറസ്റ്റ് ചെയ്യാമെന്നും മോദി ധരിച്ചു. നേതാക്കന്മാരെ ജയിലില്‍ അടച്ചതുകൊണ്ട് ഇല്ലാതാക്കാൻ കഴിയുന്ന പാര്‍ട്ടിയല്ലിത്. മോദിക്ക് എതിരെയുള്ള പോരാട്ടം ഇനിയും ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.