ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിന്നും ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് നോർത്ത് ഡിസിപി മനോജ് മീണ. ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിനും ഡല്‍ഹിയിലെ ആറില്‍ അധികം സര്‍ക്കാര്‍ ആശുപത്രികളിലുമായിരുന്നു ഇ-മെയിലുകളിലൂടെ ബോംബ് ഭീഷണി ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളില്‍ സംശയാസ്‌പദമായ ഒന്നും കണ്ടെത്താനായില്ലെന്നും ഡിസിപി വ്യക്തമാക്കി.
ഇന്നലെ (മെയ് 12) ഉച്ചയ്ക്ക് ഒരു അജ്ഞാത അക്കൗണ്ടിൽ നിന്ന് ഇ-മെയിൽ വഴിയാണ് ഐജിഐ എയർപോർട്ടിൽ ബോംബ് ഭീഷണി ഉണ്ടെന്നുള്ള വിവരം ലഭിച്ചതെന്ന് അദ്ദേഹം അറിയിച്ചു. എയർപോർട്ടിന്‍റെ പരിസരത്ത് സ്‌ഫോടക വസ്‌തു ഉണ്ടെന്നാണ് ഭീഷണിയിൽ പറയുന്നത്. സമാനമായ ഇമെയിൽ സന്ദേശം ബുരാരി സർക്കാർ ആശുപത്രി ഉൾപ്പെടെ രണ്ട് സർക്കാർ ആശുപത്രികളിലും മംഗോൾപുരിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലും ലഭിച്ചരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭീഷണി ഇമെയിലുകൾ സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് ഡൽഹി പൊലീസ് അതിവേഗം നടപടിയെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. ദാബ്രിയിലെ ദാദാ ദേവ് ഹോസ്‌പിറ്റൽ, ഹരി നഗറിലെ ദീൻ ദയാൽ ഉപാധ്യായ (ഡിഡിയു) ഹോസ്‌പിറ്റൽ, ദിൽഷാദ് ഗാർഡനിലെ ഗുരു തേജ് ബഹാദൂർ (ജിടിബി) ഹോസ്‌പിറ്റൽ, മാൽക്ക ഗഞ്ചിലെ ഹിന്ദു റാവു ഹോസ്‌പിറ്റൽ, അരുണ ആസഫ് അലി സർക്കാർ രാജ്‌പൂർ റോഡിലെ ആശുപത്രി എന്നിവിടങ്ങളിലുമായിരുന്നു ബോംബ് ഭീഷണി ഉണ്ടായത്.
ഡൽഹി പൊലീസും ഫയർ സർവീസസ് ഡിപ്പാർട്ട്‌മെന്‍റ് ടീമുകളും എയർപോർട്ടിൽ തെരച്ചിൽ നടത്തുമ്പോളാണ്, ദേശീയ തലസ്ഥാനത്തെ മറ്റ് അഞ്ച് സർക്കാർ ആശുപത്രികളിലും ഇമെയിലുകൾ വഴി ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ട് ചെയ്‌തത്. ഇതിന് പിന്നാലെ മറ്റിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുകയായിരുന്നു.
പൊലീസും ബോംബ് സ്ക്വാഡ് സംഘവും ഇവിടെയെത്തി ആശുപത്രി മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഞങ്ങൾ ഞങ്ങളുടെ തലത്തിൽ അന്വേഷണം നടത്തുകയാണെന്ന് സഞ്ജയ് ഗാന്ധി മെമ്മോറിയൽ ഹോസ്‌പിറ്റലിലെ മെഡിക്കൽ സൂപ്രണ്ട് ഡോ എസ് കെ കാക്രാൻ പറഞ്ഞു. മെയ് 1 ന് 131 സ്‌കൂളുകൾക്ക് ഭീഷണി ഇമെയിലുകൾ ലഭിച്ചിരുന്നുവെന്ന് ഡൽഹി പൊലീസ് പറഞ്ഞു.