ഇറ്റാനഗർ: നിയന്ത്രണ രേഖയിലെ ചില മേഖലകളില്‍ നിന്ന് ഇന്ത്യ-ചൈന സൈനിക പിന്‍മാറ്റം ഏതാണ്ട് പൂർത്തിയായതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തവാങ്ങിലെ മേജർ റാലെങ്‌നാവോ ബോബ് ഖാറ്റിങ് മ്യൂസിയം ഓഫ് വാലോർ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എൽഎസിയിലെ ചില മേഖലകളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചർച്ചകൾ നടത്തിവരുന്നു. ചർച്ചകളുടെ ഫലമായി സമവായത്തിലെത്തി, ഇതിന്‍റെ അടിസ്ഥാനത്തിൽ സൈനിക പിന്‍മാറ്റം ഏതാണ്ട് പൂർത്തിയായി. സൈനിക പിന്മാറ്റങ്ങള്‍ക്കും അപ്പുറത്തേക്ക് വിഷയം കൊണ്ടുപോകാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. എന്നാൽ അതിനായി കുറച്ച് കൂടി കാത്തിരിക്കേണ്ടിവരും.'- രാജ്‌നാഥ് സിങ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മോശം കാലാവസ്ഥ കാരണം തവാങ്ങിലേക്ക് പോകാൻ കഴിയാതിരുന്ന രാജ്‌നാഥ് സിങ്, അസമിലെ സോനിത്പൂർ ജില്ലയിലെ തേസ്‌പൂരിൽ നിന്നാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പ്രതിമയും മ്യൂസിയവും ഉദ്ഘാടനം ചെയ്‌തത്.
അതേസമയം, കിഴക്കൻ ലഡാക്കിലെ ഡെംചോക്കിലെയും ദെപ്‌സാങ് സമതലങ്ങളിലെയും രണ്ട് പോയിന്‍റുകളിൽ സൈനിക പിന്‍മാറ്റം പൂർത്തിയായതിന് പിന്നാലെ അതിർത്തി പോയിൻ്റുകളിൽ ഇരുവിഭാഗവും മധുരം കൈമാറിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥലങ്ങളിൽ പട്രോളിങ് ഉടൻ ആരംഭിക്കുമെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് സമവായമുണ്ടായത്. ഈ മാസം 23 ന് കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങും തമ്മില്‍ ധാരണയിലെത്തിയിരുന്നു.
Also Read : ഇന്ത്യയോട് കൂടുതല്‍ അടുക്കാന്‍ ജര്‍മനി; നീക്കം ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കാന്‍